ഇടുക്കി: മന്ത്രി എം എം മണിയുടെ സഹോദരൻ സനകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും. ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന സംശയമാണ് അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനകന്‍ (56) ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്.
രണ്ടു ദിവസം മുൻപ് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. അതിനുശേഷം പുറത്തേക്ക് ഇറങ്ങിയ സനകനെ പിന്നീട് കാണാതാകുകയായിരുന്നു. പിന്നീട് ശനിയാഴ്ച വെള്ളത്തൂവലിന് സമീപം കുത്തുപാറയില്‍ വഴിയരുകില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ സനകനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സനകനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പൊതുവെ ശാന്ത സഭാവക്കാരൻ ആണ് സനകൻ. എങ്കിലും മദ്യപിക്കുന്ന ചില അവസരങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റാരെങ്കിലുമായി ഉണ്ടായ തര്‍ക്കത്തേത്തുടര്‍ന്നുള്ള കയ്യാങ്കളിയിൽ തലയ്ക്ക് മാരകമായി മുറിവേറ്റതാണോ എന്ന സംശയത്തിലാണ് നാട്ടുകാരും വീട്ടുകാരും. മന്ത്രി എം എം മണി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments