ന്യൂഡൽഹി: ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവർക്കു പ്രയോജനപ്രദമാണെന്ന് ലോ കമ്മിഷൻ ചെയർമാൻ. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേണ്ടവിധത്തിൽ നിയമസംവിധാനം ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണ്. മാത്രമല്ല അതിന്റെ സങ്കീർണതകളും ഏറെയാണ്. തനിക്കുപോലും ‘വലിയ അഭിഭാഷകരു’ടെ ചെലവു താങ്ങാനാവില്ലെന്നും കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാൻ പറഞ്ഞു.
സങ്കീർണത നിറഞ്ഞതാണ് നമ്മുടെ ജാമ്യ നിബന്ധനകളും. പാവപ്പെട്ടവരെ ഇതു ജയിലഴികൾക്കുള്ളിൽ കിടത്തും. വിചാരണ മുഴുവൻ അനുഭവിക്കേണ്ടിവരുമെന്നും എന്നാൽ സമ്പന്നർക്ക് ജാമ്യം ലഭിക്കാൻ എളുപ്പമാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ കമ്മിഷൻ പ്രാദേശിക ഭാഷകൾക്കു പകരം കോടതികൾ ഇംഗ്ലിഷ് ഉപയോഗിക്കുന്നതിനെയും എതിർത്തു. പ്രാദേശിക ഭാഷകളായാലേ പാവപ്പെട്ടവർക്കു മനസ്സിലാകൂ. അവ സ്വീകരിക്കുന്നതിൽ നമ്മൾ നാണിക്കുന്നത് എന്തിനാണ്? കക്ഷികൾക്ക് മനസ്സിലാകാതെയുള്ള വാദപ്രതിവാദം പ്രസക്തമാണോയെന്നും അദ്ദേഹം ചോദിച്ചു.
ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഡൽഹി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, മനുഷ്യാവകാശ സംഘടനയായ കോമൺവെൽത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്നിവ തിഹാർ ജയിലുമായി ചേർന്നാണ് സെമിനാർ നടത്തിയത്.
Post Your Comments