KeralaCinemaLatest NewsNews

ചിലരുടെ പേരില്‍ ചലച്ചിത്ര ലോകത്തെ അടച്ചാക്ഷേപിക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? മനസ്സ് തുറന്നു ഭാഗ്യ ലക്ഷ്മി

നടിക്ക് സംഭവിച്ച അപകടത്തേക്കാൾ സിനിമാലോകം സങ്കടപ്പെടുന്നത് നടനെ അറസ്റ്റ് ചെയ്തതിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞാണ് സിനിമാ പ്രവര്‍ത്തക ഭാഗ്യ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സിനിമാ ലോകത്തെക്കുറിച്ചുള്ള ഒരു തുറന്നെഴുത്താണ് ഇതെന്നു തന്നെ പറയാം. ഏത് മേഘലയിലാണ് സ്ത്രീയെ മുതലെടുക്കാൻ ശ്രമിക്കാത്തത്. പ്ളീസ് ആർക്കെന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ലാ എന്ന രീതിയിലുളള ഈ മൗനം ഒരുതരം ഭീരുത്വമാണ് എന്ന് പറഞ്ഞാണ് പോസ്റ്റ്‌ അവസാനിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നടിക്ക് സംഭവിച്ച അപകടത്തേക്കാൾ സിനിമാലോകം സങ്കടപ്പെടുന്നത് നടനെ അറസ്റ്റ് ചെയ്തതിലാണെന്ന് തോന്നുന്നു ചർച്ചകൾ
കാണുമ്പോൾ..
നടനെ അറസ്റ്റ് ചെയ്തതിന് ശേഷം കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളും വനിതാ സംഘടനകളും സിനിമാലോകത്തെ വെറും സ്ത്രീപീഡന ലോകമായും അവിടെ നടക്കുന്നത് ബലാത്സംഗവും വേശ്യാവൃത്തിയുമാണെന്ന തരത്തിൽ ചാനൽ ചർച്ചകളിലൂടെയും
സമൂഹ മാധ്യമങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രചരിപ്പിക്കുന്നത് കാണുമ്പോൾ,
നടനുവേണ്ടി സംസാരിക്കുന്നവരോടും, ആരുടേയും പക്ഷം പിടിക്കാതെ തന്റെ കാര്യം മാത്രം നോക്കുന്ന നടീ നടന്മാരോടും സംവിധായകരോടും നിർമ്മാതാക്കളോടും സംഘടനകളോടുമാണ് എനിക്ക് ചോദിക്കാനുളളത്.

നിങ്ങൾ ജീവിക്കുന്ന, നിങ്ങളെ, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്ന ഈ ചലച്ചിത്ര ലോകത്തെപ്പറ്റി, ചില വ്യക്തികൾ ചെയ്യുന്ന തെറ്റിന്റെ പേരിൽ, ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് കേൾക്കുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? യാതൊരു സങ്കടവുമില്ലേ?ഇതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് ബാധ്യതയില്ലേ?അതോ സിനിമ തരുന്ന പണവും പ്രശസ്തിയും മാത്രമാണോ നിങ്ങളുടെ ലക്ഷ്യം ?സിനിമയുടെ എല്ലാ സുഖവും സന്തോഷവും കൈപറ്റി
സിനിമാലോകത്തെ സിനിമാ വ്യവസായമാക്കി മാറ്റിയവർക്കൊന്നും ഈ രംഗത്തിനോടും ഈയവസ്ഥയോടും യാതൊരു ഉത്തരവാദിത്വവുമില്ലേ?

നിങ്ങളുടെയെല്ലാം മൗനം ഈ ആരോപണങ്ങൾ സമ്മതിക്കുന്നതിനു തുല്യമല്ലേ?നാഴികക്ക് നാല്പത് വട്ടം സംഘടനാ മീറ്റിംഗുകളിൽ ഘോര ഘോരം നിങ്ങളിൽ പലരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്,നമ്മളെല്ലാം ഒരു കുടുംബമാണെന്ന്.
നിങ്ങളുടെ കുടുംബത്തിലെ ചിലർ ചെയ്യുന്ന തെറ്റിന് നിങ്ങളുടെ കുടുംബത്തെ ഒന്നടങ്കം സമൂഹം തെറി വിളിച്ചാൽ നിങ്ങൾ മൗനം പാലിക്കുമോ?.കൂടെ കിടന്നാലേ സിനിമയിൽ അവസരമുളളൂ എന്ന് പ്രചരിപ്പിക്കുന്ന ചില പ്രശസ്തരായ സ്ത്രീകൾ സിനിമയിലുളളവർ തന്നെയാവുമ്പോൾ പൊതു സമൂഹം അത് വിശ്വസിക്കുന്നു.

ഈ വിമർശനം ഉന്നയിച്ച ആ വ്യക്തി എങ്ങനെ ഇത്തരത്തിലുയർന്ന് വന്നൂ എന്നൊരു മറുചോദ്യം ആരും കേൾക്കുന്നില്ലേ?അപ്പോൾ അത്തരക്കാരല്ലാത്തവരുമുണ്ട് ഈ രംഗത്ത് എന്നതും സത്യമല്ലേ? എന്തിനാണ് മലർന്ന് കിടന്ന് മലമെറിയുന്നത്.?ഏതോ ചില സ്ത്രീകളോട് ആ തരത്തിൽ ചിലർ പെരുമാറിയിരിക്കാം,ഇല്ലെന്നല്ല.
അതെങ്ങനെ ഒരു ചലച്ചിത്ര ലോകത്തിന്റെ മുഴുവൻ പ്രവണതയാകും?..സ്വന്തം കഴിവുകൊണ്ടും തന്റേടം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ഉയർന്ന് വന്ന എത്രയെത്ര സ്ത്രീകളുണ്ട് ഈ രംഗത്ത്.
അത്ര വൃത്തികെട്ട മേഘലയാണ് സിനിമയെങ്കിൽ ആ സിനിമ വേണ്ടെന്ന് വെക്കാനുളള ആർജവം കാണിച്ച സ്ത്രീകളുമുണ്ട് ഇവിടെ.
അതുകൊണ്ടാണ് വിദ്യാഭ്യാസമുളള പെൺകുട്ടികൾ ഈ രംഗത്തേക്ക് വരുന്നത്.വന്ന് പോയവർ അവരുടെ മക്കളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത്.

തിന്മയുളളതുപോലെ നന്മയുമുണ്ട് ഈ രംഗത്ത് എന്നത് മറന്നുകൊണ്ടാണ് ഈ രംഗത്തുളളവർതന്നെ ചെളിവാരിയെറിയുന്നത്.
തെറ്റുകൾ സംഭവിച്ചിരിക്കാം അത് തിരുത്തേണ്ടതുമാണ്..അത് ഈ രംഗത്തെ പിച്ചി ചീന്താൻ സമൂഹത്തിനു മുമ്പിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടാവരുത്..
ഏത് മേഘലയിലാണ് സ്ത്രീയെ മുതലെടുക്കാൻ ശ്രമിക്കാത്തത്?നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ എനിക്കുമുണ്ടായിട്ടുണ്ട് അത്തരത്തിലുള്ള അനുഭവങ്ങൾ.അതൊന്നും ഒരു സംഘടനയുടേയും ബലത്തിലല്ല ഞാൻ നേരിട്ടത്..ധൈര്യം കൊണ്ടും ആത്മവിശ്വാസംകൊണ്ടുമാണ്.
എതിർക്കുന്നവൾക്ക് പത്ത് സിനിമ എന്നത് അഞ്ചെണ്ണമായി കുറയാം.
മതി അതുമതീ എന്ന് വെച്ചാൽ തീരാവുന്നതേയുളളു.
ചിലപ്പോൾ സിനമാലോകത്ത് നിന്ന് പുറത്തായെന്ന് വരാം.
കഴിവുളളവരെ എല്ലാകാലവും എല്ലാവർക്കും മാറ്റി നിർത്താനാവില്ലല്ലോ.

അന്നത്തേക്കാളൊക്കെ കാലം മാറിയില്ലേ…അന്നത്തെ പെണ്ണല്ല ഇന്നത്തെ പെണ്ണ്. അത്തരത്തിലുളളവരെ നേരിടാനുളള ധൈര്യമൊക്ക അവർക്കുണ്ട്.അതില്ലാത്തവർക്ക് ധൈര്യം കൊടുക്കുകതന്നെ വേണം.അതോടൊപ്പം നമ്മൾ ഒന്നിച്ചാണെന്ന സ്വബോധം ഉണ്ടാവുകയും ഉണ്ടാക്കുകയും വേണം.
നിന്നിൽ, നിന്റെ കഴിവിൽ നിനക്ക് വിശ്വാസമുണ്ടെങ്കിൽ ഒരവസരത്തിനു വേണ്ടിയും ആരുടെ മുമ്പിലും മുട്ടു മടക്കേണ്ടതില്ല പെണ്ണ്.
അവസരത്തിനായി വിട്ടുവീഴ്ചക്ക് തയാറാവുന്നവൾ ജീവിതകാലം മുഴുവൻ അതുമാത്രം ചെയ്യാൻ വിധിക്കപ്പെട്ടവളാവുകയേയുളളു.
സിനിമാലോകത്ത് അച്ചനും, അമ്മയും, ചേട്ടനും, ചേച്ചിയും, അനിയത്തിയും, അനിയനും, മകളും,മകനും
കാമുകനും കാമുകിയുമുളളതുപോലെ ചില കാപാലികന്മാരുമുണ്ട്.
അത്തരക്കാരെ മനസിലാക്കാനും അകറ്റി നിർത്താനും ഈ പറഞ്ഞ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമെല്ലാവരും ഒന്നിച്ച് നിന്നാലേ പറ്റൂ എന്നാണ് എന്റെ വിശ്വാസം.
സിനിമ ഇന്ന് പ്രതിക്കൂട്ടിലാണ്.

നമ്മളെല്ലാം കുറ്റക്കാരായി സമൂഹത്തിനു മുമ്പിൽ നിൽക്കുകയാണ്.
പ്ളീസ് ആർക്കെന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ലാ എന്ന രീതിയിലുളള ഈ മൗനം ഒരുതരം ഭീരുത്വമാണ്,
നായകന്മാർക്കും
നായികമാർക്കും സംവിധായകർക്കും നിർമ്മാതാക്കൾക്കും സംഘടനകൾക്കുമെല്ലാം
ആ ഭീരുത്വമുണ്ടെന്ന് സമൂഹം കരുതും
അതാവും സിനിമയുടെ നാശം.
നമ്മളെ ചീത്തവിളിക്കാൻ നമ്മൾതന്നെ കാരണക്കാരാവരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button