KeralaCinemaLatest NewsNews

അവർണ്ണർ ആഘോഷിക്കുന്നതിലുള്ള അസഹിഷ്ണുതയാണോ പ്രമുഖരെ ബഹിഷ്‌കരണത്തിലേക്കെത്തിച്ചത്?

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രമുഖ താരങ്ങൾ ബഹിഷ്ക്കരിച്ചു.മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് ഇത് ചർച്ചാവിഷയമായത്. ഈ വിഷയത്തെ കുറിച്ച് സംവിധായകയും മാധ്യമപ്രവർത്തകയുമായ വിധു വിൻസൻറ് തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഇങ്ങനെയാണ്.

ശ്രീനിവാസനെ ആ ചടങ്ങില്‍ ആദരിക്കാനിരിക്കുകയായിരുന്നു.ഇന്നസെൻറ് എം .പി യും എം.എല്‍.എ കെ.ബി. ഗണേഷ് കുമാറും അടക്കമുള്ള ക്ഷണിക്കപ്പെട്ടവര്‍ സദസ്സിലല്ല, വേദിയില്‍ ഇരിക്കേണ്ടവരായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് നേരെ ഉണ്ടാകാന്‍ ഇടയുള്ള ജനരോഷം ഭയന്നാവാം അവരില്‍ പലരും പുരസ്‌കാരവിതരണചടങ്ങില്‍ സംബന്ധിക്കാതിരുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല.

വിനായകനെ പോലുള്ളവരുടെ സിനിമകൾ എത്രപേർ കാണാറുണ്ട്.അമല്‍ നീരദിനെയും രാജീവ് രവിയെയുംപോലുള്ള ചുരുക്കം സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രമാണ് വിനായകന്‍ എന്ന നടനെ കാണുക. പലപ്പോഴും പുരസ്‌കാരം സ്വീകരിക്കുന്നവര്‍ താരങ്ങള്‍ ആണെങ്കില്‍ അവരുടെ സുഹൃത്തുക്കളായ താരങ്ങളും വരാറുണ്ട്. അന്ന് അവിടെ അവാര്‍ഡ് സ്വീകരിച്ചവര്‍ അധികം പേരും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഉള്ളവരായിരുന്നില്ല. ചുരുക്കത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സാധാരണക്കാരുടെ പരിപാടിയായിരുന്നു. പുതിയ ദിശാമാറ്റമാണത്. താരങ്ങളല്ല പ്രധാനമെന്നും സിനിമയും അത് സംസാരിക്കുന്ന ഭാഷയും അത് പ്രസരിപ്പിക്കുന്ന സംസ്‌കാര പരിസരവും തന്നെയാണ് മുഖ്യമെന്നു കാണികളെയും ചലച്ചിത്ര പ്രവർത്തകരെയും ബോധ്യപെടുത്തുന്നതായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്.


കഴിവും ആശയങ്ങളുമുള്ള പുതിയ ആളുകള്‍ വരുമ്പോള്‍ മുന്‍പേ വന്നവര്‍ക്കു വഴിമാറിക്കൊടുക്കേണ്ടി വരും. സവര്‍ണത്വം പണത്തിന്റെയും പദവിയുടെയും സ്വാധീനത്തിന്റെയും രൂപത്തില്‍ ഊട്ടിയുറപ്പിക്കുകയും ഊറ്റം കൊള്ളുകയും ചെയ്യുന്നവരുടെ ഇടയിലേക്ക് ‘എങ്കില്‍ ഞാന്‍ അവര്‍ണനാണ്’ എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിനായകന്റെ കടന്നുവരവ്. അവര്‍ണരായ രണ്ടു പേര്‍ ‘മികച്ചവരായി’ ആഘോഷിക്കപ്പെടുന്നത് കാണുമ്പോഴുള്ള അസഹിഷ്ണുതയോ, അവഗണനയോ, എന്തായിരുന്നു പ്രമുഖരെ ഈ ബഹിഷ്‌കരണത്തിലേക്കെത്തിച്ചതെന്നാണ് വിധുചോദിക്കുന്നത്.


എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ച ഒരു കാര്യമുണ്ട്. പുരസ്‌കാരവിതരണ ചടങ്ങില്‍നിന്ന് മാധ്യമങ്ങള്‍ പോയതിനു ശേഷമാണ് എം.എല്‍.എ കൂടിയായ നടന്‍ മുകേഷ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞത്, ശ്രീനിവാസനെപ്പോലെ പ്രമുഖനായ ഒരു നടൻറ്റെ വീടിന് നേര്‍ക്ക് കരി ഓയിലൊഴിച്ചത് ശരിയാണോ എന്ന് ഓര്‍ക്കേണ്ടതുണ്ട് എന്നാണ്. സഹപ്രവര്‍ത്തകന്റെ വീടിനുനേരെ കരി ഓയിലൊഴിച്ചതിന് സങ്കടം പറഞ്ഞ അദ്ദേഹം ഇവിടെ ആക്രമിക്കപ്പെട്ട ഒരു നടി ഉണ്ടെന്നോ അവള്‍ അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടു എന്നോ ഒരുപാട് ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്നു എന്നോ ഓര്‍ത്തതുമില്ല, പറഞ്ഞതുമില്ല.ഇതൊക്കെയാണ് സിനിമാ മേഖലയിൽ ഉള്ളവരുടെ നന്മയെന്നും വിധു ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button