ന്യൂഡല്‍ഹി : അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് കൂച്ചുവിലങ്ങ് ഇടാനൊരുങ്ങി കേന്ദ്രം. അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കാണ് ഏര്‍പ്പെടുത്തുക. അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുക. വിദേശ വിമാന കമ്പനികള്‍ക്കും കേന്ദ്രം അംഗീകരിച്ച ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിമാനത്തിലെ അക്രമങ്ങള്‍ ലെവല്‍ 3 കാറ്റഗറിയിലാണ് ഉള്‍പ്പെടുക. വിമാനത്തിന് കേടുപാട് വരുത്തുന്നതും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണ്. മറ്റ് യാത്രക്കാരെ മര്‍ദ്ദിക്കുന്ന യാത്രക്കാരേയും അനാവശ്യമായി സ്പര്ശിക്കുന്നവരേയും ലെവല്‍ 2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ലെവല്‍ 2 കാറ്റഗറി കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ആറ് മാസം വരെ യാത്രാ വിലക്ക് ലഭിക്കും. അസഭ്യം പറയുക, മദ്യപിച്ച് ലക്കുകെട്ട് യാത്ര ചെയ്യുക, മോശം അടയാളങ്ങള്‍ കാണിക്കുക തുടങ്ങിയ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് മൂന്ന് മാസം വരെ യാത്രാ വിലക്കും ലഭിക്കും.
വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യാത്രയ്ക്കിടെ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിനും നിലവിലെ നിയമപ്രകാരം സ്വീകരിക്കാവുന്ന നിയമനടപടികള്‍ക്ക് പുറമെയാണ് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍. വ്യോമയാന മന്ത്രാലയത്തിന്റെ നോ ഫ്ളൈ പട്ടികയില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നവരെയും കൂട്ടിച്ചേര്‍ക്കുന്നതാണ്. പ്രശ്നക്കാരായ യാത്രക്കാര്‍ക്കെതിരെ ഏത് ലെവല്‍ കുറ്റകൃത്യം ചുമത്തണമെന്ന് വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മറ്റി തീരുമാനിക്കും. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 30 ദിവസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. അതേസമയം പുതിയ നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉണ്ടാകുമോ എന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല
Post Your Comments