തിരുവനന്തപുരം: മത്സ്യബന്ധന വള്ളം ഇടിച്ച് തകര്‍ത്ത കപ്പല്‍ ഇന്ത്യന്‍ തീരത്തടുപ്പിക്കണമെന്ന് നാവികസേന ഔദ്യോഗികമായി ആവശ്യപ്പെട്ടു. കപ്പൽ ഇപ്പോൾ ശ്രീലങ്കന്‍ തീരത്താനുള്ളത്. ശ്രീലങ്കലയിലെ കൊളംബോ തീരത്തുള്ള ചൈനീസ് കപ്പലിന്റെ ഉടമകള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ല. നാവികസേനയുടെ പി 8 ഐ വിമാനം കപ്പല്‍ നിരീക്ഷിക്കാനും തിരിച്ചെത്തിക്കാനുമായി ശ്രീലങ്കയിലേക്ക് തിരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് കൊല്ലം തീരത്ത് നിന്ന് 36 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിലായിരുന്നു അപകടം. കുളച്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആരോഗ്യ അണ്ണൈ എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറ് പേരെയും സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളങ്ങളിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ പുലര്‍ച്ചെയോടെ തീരസംരക്ഷണ സേനയുടെ ബോട്ടില്‍ നീണ്ടകര തുറമുഖത്തെത്തിച്ചു.
കഴിഞ്ഞ ദിവസം നീണ്ടകരയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തിയിരുന്ന ഔട്ട്ബോര്‍ഡ് വള്ളത്തെ ഇടിച്ചശേഷം നിറുത്താതെ പോയ ചൈനീസ് കപ്പലിനെ ഇന്ത്യന്‍ തീരസംരക്ഷണസേന നാലര മണിക്കൂര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്നലെ രാത്രി എട്ടരയോടെ കപ്പല്‍ ശ്രീലങ്കന്‍ അതിര്‍ത്തിയിലേക്ക് കടന്നത്. തുടര്‍ന്നാണ് തീരസംരക്ഷണ സേന പിന്‍വാങ്ങിയത്. ഒമാനില്‍നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.എല്‍ അന്യാംഗ് എന്ന ജനറല്‍ കാര്‍ഗൊ ഷിപ്പാണ് വള്ളത്തില്‍ ഇടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments