തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്ത്. പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നു.
15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ഇതിൽ മുരുകന് ചികിത്സ നൽകേണ്ട ന്യൂറോ സർജറി ഐ.സിയുവിൽ രണ്ട് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വെന്റിലേറ്റർ ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് മുരുകന് ഇവിടെ ചികിത്സ നിഷേധിച്ചത്.
മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദം. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് അന്ന് തന്നെ കെെമാറുകയും ചെയ്തിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ സഹകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസം മുമ്പ് കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ലെന്നാണ് ആരോപണം.
Post Your Comments