ഓണം ആഘോഷങ്ങളൊന്നുമില്ലെങ്കിലും ആ വാക്കുതന്നെ മലയാളിയ്‌ക്കൊരു ഗൃഹാതുരതയാണ്. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിന്റെ നനവാണ് സ്വന്തം നാടിന്റെ ആഘോഷങ്ങളുടെ ഓര്‍മ്മ ഓരോ പ്രവാസിയ്ക്കും നല്‍കുന്നത്.
മറ്റേതൊരു ആഘോഷത്തേക്കാളും മലയാളിയ്ക്ക് പ്രിയ്യപ്പെട്ടതാണ് ഓണം, കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഓര്‍മ്മകളും സന്തോഷങ്ങളും ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചില്‍ച്ചേര്‍ത്ത് വയ്ക്കും. പലകാലങ്ങളിലായി ഓണമെന്ന ആഘോഷത്തിനും മാറ്റങ്ങളുണ്ടാകുന്നുണ്ട്, അതുകൊണ്ടുതന്നെ ഓരോ തലമുറയ്ക്കും ഓണം നല്‍കുന്ന അനുഭവങ്ങള്‍ വിഭിന്നങ്ങളാണ്. എന്തായാലും ഓണമെന്നത് ബാല്യകാല സ്മൃതികളുമായി ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നുകിടക്കുന്നതാണ്. കാലവും മാറ്റങ്ങളും എന്തുതന്നെയായാലും ഓണത്തിന് സ്വന്തം വീട്ടിലെത്തുകയെന്നത് ഏതൊരു മലയാളിയുടെയും സ്വപ്‌നമാണ്.
നാട്ടിലെ തൊഴിലില്ലായ്മ മൂലം മറുനാട്ടിലേയ്ക്ക് കടക്കേണ്ടിവരുന്ന ഓരോ മലയാളിയ്ക്കും ഓണമെന്നത് പലപ്പോഴും ഒരു നഷ്ട സ്മൃതിയായി മാറുകയാണ്. യാത്രാ സൗകര്യക്കുറവും, മറുനാട്ടില്‍ അവധിയില്ലാതെ വരുന്നതും, യാത്രയ്ക്ക് വേണ്ടിവരുന്ന വലിയ ചെലവുമെല്ലാമാണ് പ്രവാസി മലയാളികള്‍ക്ക് ഓണം എന്നത് പ്രവാസത്തോളം തന്നെ വരുന്ന നീറ്റലാക്കി മാറ്റുന്നത്. സ്വന്തം നാട്ടില്‍ നിന്നുമാറി മറുനാട്ടില്‍ ജീവിക്കുകയെന്ന അവസ്ഥ, അത് ഗള്‍ഫ് ആയാലും യുഎസ് ആയാലും ബാംഗ്ലൂരോ ചെന്നൈയോ ആയാലും അത് പ്രവാസം തന്നെയാണ്. കൂടുതല്‍ തൊഴിലവസരവും പണവുമെല്ലാം ഈ പ്രവാസത്തിന്റെ വാഗ്ദാനങ്ങളാണ്. അതേസമയം തന്നെ ഗൃഹാതുരതയും നഷ്ടങ്ങളും അതിന്റെ കൂടപ്പിറപ്പുകളുമാണ്.
Post Your Comments