ബെയ്ജിങ്: മധ്യ ചൈനയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ചൈനയില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20ഓടെയാണു ഭൂചലനമുണ്ടായത്. 9 പേർ ഭൂചലനത്തിൽ മരിച്ചതായി സ്ഥിതികരിച്ചിട്ടുണ്ട് അതേസമയം നൂറോളം പേര് മരിച്ചതായും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരത്തെ റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്.
ഗ്വാവാ മേഖലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു സിച്ചുവാന്‍ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോത്രവിഭാഗമായ ടിബറ്റന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണു ഗ്വാവാ. ജിയുസായിഗൗ നഗരത്തിലെ കെട്ടിടങ്ങള്‍ തകര്‍ന്നെന്നും ജനങ്ങള്‍ പുറത്തിറങ്ങി നില്‍ക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . വലിയ തോതില്‍ കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പ്രമുഖ ടൂറിസം കേന്ദ്രം കൂടിയായ ജിയുസായിഗൗ നഗരത്തിലെ വീടുകള്‍ തകര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ചൈനയിൽ ആശങ്ക പരത്തുന്നുണ്ട്. 2008 മേയില്‍ സിച്ചുവാനിലുണ്ടായ ഭൂചലനത്തില്‍ 70,000 പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments