പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്ന പോപ്പ് താരം ജസ്റ്റിന് ബീബർക്ക് ചൈനയില്‍ വിലക്ക്. മോശം പെരുമാറ്റത്തെ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇൻഡൊനീഷ്യ, ജപ്പാന്, ഫിലിപ്പീൻസ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് ചൈന ബീബറിന്റെ സംഗീതപരിപാടി നിരോധിച്ചത്.
ബീബരെ വിലക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആരാധകര്‍ ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ‘ജസ്റ്റിന് ബീബര്‍ വിവാദനായകനാണ്. അയാളുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മോശം പെരുമാറ്റത്തിന് പേരുകേട്ടവനാണെന്നാണ് മനസ്സിലാകുന്നത്. വിദേശ രാജ്യങ്ങളില്‍ ബീബര്‍ പരിപാടി അവതരിപ്പിക്കുമ്പോഴെല്ലാം വിവാദങ്ങളുണ്ടാകാറുണ്ട്. ഇത് പരിപാടി കാണാനെത്തിയവരില്‍ കടുത്ത അസംതൃപ്തി സൃഷ്ടിക്കാറുണ്ട്. ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറെപ്പോലെ മോശം പെരുമാറ്റമുള്ള കലാകാരന്മാരെ മാറ്റി നിര്‍ത്തുന്നത്.’ വിശദീകരണ കുറിപ്പില്‍ പറയുന്നു
Post Your Comments