ഇസ്ലാമാബാദ്•ബലൂചിസ്ഥാനിൽ രണ്ടു ചൈനീസ് പൗരൻമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു നിൽക്കുന്ന ചൈനയെ തണുപ്പിക്കാനുള്ള ശ്രമവുമായി പാക്കിസ്ഥാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനീസ് പൗരൻമാർ ഉൾപ്പെടെയുള്ള വിദേശികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 4,200ൽ അധികം പേർ അംഗങ്ങളായ പ്രത്യേക സുരക്ഷാ വിഭാഗത്തിനു പാക്കിസ്ഥാൻ രൂപം നൽകിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെ ലോകരാജ്യങ്ങളുടെ എതിർപ്പിനിടയിലും മിത്രമായി കാണുന്ന രാജ്യമായിരുന്നു ചൈന. പാകിസ്ഥാന്റെ വികസന പ്രവർത്തനങ്ങളിൽ സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് ചൈന. പാകിസ്ഥാന്റെ വികസനത്തിനായി ഒട്ടേറെ ചൈനക്കാർ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്.
ഈ സാഹചര്യത്തിലും ബലൂചിസ്ഥാനിൽ ചൈനക്കാരായ രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതിൽ ചൈനയ്ക്ക് കടുത്ത ആശങ്കയാണുള്ളത്. ഈ കൊലപാതകം വികസന പ്രവർത്തനങ്ങളെ ബാധിക്കുകയില്ല എന്നു ചൈന പറഞ്ഞുവെങ്കിലും ചൈനയ്ക്കുള്ള നീരസം പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്.ഈ സാഹചര്യത്തിലാണു വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചു ചൈനയെ തണുപ്പിക്കാനാണ് പാകിസ്ഥാന്റെ നീക്കം. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ചൈനീസ് അധ്യാപകരെ പിന്നീടു ക്രൂരമായി കൊലപ്പെടുത്തിയതാണ് ചൈനയുടെ പ്രതിഷേധത്തിന് കാരണം.
അസ്താനയിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പാക്ക് പ്രധാനമന്ത്രി ഷരീഫുമായുള്ള പതിവ് കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് ഷി ചിൻപിങ് വിസമ്മതിച്ചിരുന്നു.കസ്ഖ്സ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തു വിട്ടതിനെ തുടർന്നാണ് പാകിസ്ഥാൻ ചൈനയുടെ അനുരഞ്ജന ശ്രമം. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ സുരക്ഷയ്ക്കായി മാത്രം 15,000ൽ അധികം സൈനികരെയാണു പാക്കിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെയാണ് വിദേശികളുടെ സുരക്ഷയ്ക്കായി പ്രത്യേക സേനാവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ചൈനക്കാരുടെ വിവരങ്ങൾ പ്രദേശിക സർക്കാരുകൾ ശേഖരിക്കാനാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments