ചെന്നൈ: തമിഴ്നാട് സർക്കാർ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് തുടങ്ങിയത്. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ തുടങ്ങി ആറു ജില്ല കലക്ടര്‍മാര്‍ക്ക് സ്വത്തുക്കളുടെ കണക്കെടുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത, തോഴിയും അണ്ണാ ഡി.എം.കെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറിയുമായ ശശികല നടരാജന്, ജയലളിതയുടെ വളര്ത്തുമകന് വി.എന്‍. സുധാകരന്, ബന്ധു ഇളവരശി എന്നിവരെയാണ് ബംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ചത്. എല്ലാവര്ക്കും നാലു വര്‍ഷം തടവും പിഴയും കോടതി വിധിച്ചു. ജയലളിതയ്ക്ക് 100 കോടി രൂപയും മറ്റുള്ളവർക്ക് 10 കോടി രൂപയുമാണ് പിഴയുമാണ് കോടതി വിധിച്ചത്. ശശികലയും ഇളവരശിയും സുധാകരനും ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുകയാണ്.
ജയലളിത മരിച്ചതിനാല്‍ അവരുടെ സ്വത്തുക്കള്‍ മാത്രമാണ് കണ്ടുകെട്ടുന്നത്. 128 വസ്തുവകകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ആറു സ്ഥാപനങ്ങളുടെ 68 വസ്തുവകകള്‍ മാത്രമാണ് കോടതി കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ടത്. കലക്ടര്‍മാര്‍ ആദ്യം ചെന്നൈ അടക്കമുള്ള ജില്ലകളിലെ സ്വത്തുക്കള്‍ എന്തൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ മതിപ്പുവില എത്രയെന്നും കണ്ടെത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്നാവും 100 കോടിയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
Post Your Comments