ന്യൂഡല്‍ഹി : നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. വടക്ക് കിഴക്കന്‍ ബ്രസീലിലാണ് സിക വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയതത്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപി രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പല സമയങ്ങളിലായി വൈറസ് ബാധ തല പൊക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വ്യാപകമായ തോതില്‍ സിക പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്. സികയ്ക്ക് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല.
വൈറസ് ബാധ സംശയിക്കുന്നതായി കാണിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ലോകാരോഗ്യ സംഘടനയെ (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്നുപേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗ ബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ബാധിക്കപ്പെട്ടവരില്‍ ഒരാള്‍ 64 കാരനും മറ്റുള്ളവരില്‍ ഒരാള്‍ അടുത്തിടെ അമ്മയായ 34 വയസുള്ള സ്ത്രീയും അടുത്തയാള്‍ 22 വയസുള്ള ഗര്‍ഭിണിയുമാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും നിരീക്ഷണത്തിലാണ്.
പിറക്കുന്ന ശിശുക്കളുടെ ശിരസ് ചുരുങ്ങിപോകുന്നതാണ് പ്രധാന രോഗലക്ഷണം. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് വൈറസ് ചെയ്യുന്നത്. മൈക്രോ സാഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ വളരെ പെട്ടന്നുതന്നെ മരണത്തിന് കീഴടങ്ങും. ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളില്‍ ഉണ്ടാകുന്ന രോഗബാധ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നു. ഇങ്ങനെ വൈകല്യം സംഭവിച്ച കുട്ടികളുടെ രക്തത്തിലും തലച്ചോറിലെ കോശങ്ങളിലും സിക്കാ വൈറസിനെ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.
സിക ബാധ ഇന്ത്യയിലും മുന്‍കരുതല്‍ വേണമെന്ന നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ വ്യാപകമായ ഡെങ്കി പനിയുടെ വാഹകരായ കൊതുകുകള്‍തന്നെയാണ് സിക ഫീവര്‍ പരത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യെല്ലോ ഫീവര്‍, ഡെങ്കി പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകു തന്നെയാണ് സികയും പരത്തുന്നത്. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍പെടുന്ന സികയ്ക്കും ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്ന അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുക്കളിലേയ്ക്ക് വൈറസ് പകരുമ്പോഴാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാകുന്നത്. അമ്മയെയല്ല ഗര്‍ഭസ്ഥശിശുക്കളെയാണ് വൈറസ് ബാധ പ്രശ്‌നം സൃഷ്ടിക്കുന്നത്.
Post Your Comments