KeralaLatest NewsNews

നവകേരളത്തിലേക്ക് മുന്നേറാം -മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു

മെയ് 25 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്ക് ഒരു വയസ്സ് തികയുകയാണ്. 1957ല്‍ നിലവില്‍ വന്ന ആദ്യ കമ്മ്യൂണിസ്‌റ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. പക്ഷേ, 1957ഉം 2017ഉം തമ്മില്‍ പൊരുത്തങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായപ്പോള്‍ പലരും ആവേശഭരിതരായി; ചിലര്‍ പരിഭ്രാന്തിയിലുമായി. അതേപോലെ 2017ല്‍ ഈ മന്ത്രിസഭ ഒന്നാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലും പലര്‍ക്കും അഭിമാനമുണ്ട്; ചിലര്‍ക്ക് പരിഭ്രാന്തിയുമുണ്ട്.

57ല്‍ ഒരു പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ-ഭരണഘടനാ വ്യവസ്ഥയ്ക്കുള്ളില്‍, ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ ഭരണം നടത്താമെന്നതിന്റെ ഉത്തരമാണ് കണ്ടെത്താന്‍ ശ്രമിച്ചത് എങ്കില്‍, ഈ 2017ല്‍ ആഗോളവല്‍ക്കരണ നയത്തിന്റെയും ചൂഴ്ന്നുനില്‍ക്കുന്ന വര്‍ഗീയാന്തരീക്ഷത്തിന്റെയും നടുവില്‍ നിന്നുകൊണ്ട് എങ്ങനെ സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന ഭരണം മുമ്പോട്ടുകൊണ്ടുപോകാമെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണു ശ്രമിക്കുന്നത്.

57ല്‍ കേരളം പടുത്തുയര്‍ത്താനുള്ള അടിത്തറയൊരുക്കുകയാണ് – കാര്‍ഷിബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയവയിലൂടെ ചെയ്തതെങ്കില്‍, 2017ല്‍ ഭരണരംഗത്ത് പൊതുവെ നാലു കാര്യങ്ങളില്‍ ഊന്നാനാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്.

ഒന്ന്, ജീര്‍ണമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ ആരോഗ്യവത്തായ ഒരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടു പകരംവെക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലര്‍ന്ന് ജീര്‍ണിക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. അതിലൊക്കെ വ്യാപരിക്കുന്നവര്‍ ആ അധികാരത്തെത്തന്നെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. ജീര്‍ണിച്ച ഭരണസംവിധാനം നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. ഐഎഎസ് അടക്കമുള്ള സിവില്‍ സര്‍വീസിലുള്ളവരെ ഭരണനിര്‍വഹണത്തില്‍ പാലിക്കേണ്ട ഉത്തരവാദിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനങ്ങള്‍ എടുത്തു.

രണ്ട്, തടസ്സപ്പെട്ടു കിടന്നിരുന്ന അടിസ്ഥാന സൗകര്യവികസനം ദ്രുതഗതിയില്‍ മുന്നോട്ടുപോകാന്‍ ശ്രമമാരംഭിച്ചു. മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും നാഷണല്‍ ഹൈവേയും എല്ലാം വേഗത്തില്‍ തീര്‍ക്കാനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുത്തു. അതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.6 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലാക്കി.

മൂന്ന്, സാമൂഹ്യക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും ശ്രമിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശിക കൊടുത്തുതീര്‍ത്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്കും മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനും ശ്രമങ്ങള്‍ നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചു. നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു.

നാല്, പ്രശസ്തമായ കേരള മോഡല്‍ നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കാനും ദീര്‍ഘവീക്ഷണത്തോടെ ഭാവികേരളം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കിയവയാണ് പൊതുവിദ്യാഭ്യാസ യജ്ഞവും ആര്‍ദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരള മിഷനും.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സാര്‍വദേശീയ സാമ്പത്തിക ഭീകരതാ കാലത്ത് ഈ മിഷനുകള്‍ വഴി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെയ്യുന്നത് സത്യത്തില്‍ ഒരു ബദല്‍ മുമ്പോട്ടുവെക്കലാണ്.
ആധുനികവും സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലമുള്ളതുമായ വിശിഷ്ട വിദ്യാഭ്യാസം സമൂഹത്തിലെ സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം മതി എന്ന് ആഗോളവല്‍ക്കരണനയം പറയുമ്പോള്‍ ഇവിടെ, ഈ കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ച്, അവിടെ സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ച് പതിമൂവായിരം സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി വിശിഷ്ട വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല, എയ്ഡഡ് സ്‌കൂളുകളും ഇത്തരത്തില്‍ ആധുനീകരിക്കപ്പെടേണ്ടതുണ്ട്. തുടക്കം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നാണെന്നുമാത്രം. ഇതാണ് ബദല്‍ നയവും ബദല്‍ കര്‍മപരിപാടിയും.

മറ്റൊരു തലം നടപ്പാവുന്നത് ആരോഗ്യരംഗത്താണ്. രോഗം വന്നാല്‍ നല്ല ചികിത്സ കിട്ടണമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയി ലക്ഷങ്ങള്‍ ചെലവിടണമെന്നതാണു പൊതുസ്ഥിതി. ആ സൗകര്യങ്ങളൊക്കെ, പൊതു ആരോഗ്യമേഖലയില്‍ തന്നെ വളര്‍ത്തിയെടുത്താല്‍ ആശുപത്രി നടത്തിപ്പ് എന്ന ബിഗ് ബിസിനസ് ക്ഷീണിക്കും. അതേസമയം കുറഞ്ഞ ചെലവില്‍ മികച്ച ശുശ്രൂഷ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുതിയ സ്വീകാര്യത ലഭിക്കും. അതാണ് ‘ആര്‍ദ്രം’ എന്ന പേരിലുള്ള മിഷനിലൂടെ ഈ സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിട്ടുള്ള പുതിയ ബദല്‍.

അഗതികളായ എല്ലാവര്‍ക്കും കിടപ്പാടവും ജീവിതോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദല്‍ നയമാണ് ലൈഫ് മുന്നോട്ടുവയ്ക്കുന്നത്. നാളിതുവരെ നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭാവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വീടില്ലാത്തവര്‍ക്ക് തലചായ്ക്കാന്‍ ഒരിടം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിക്കുവാനും അവരുടെ ജീവിതം സുരക്ഷിതമാക്കാനുമുള്ള സമഗ്രമായ ദൗത്യമാണ് ലൈഫ് എന്ന മിഷന്‍.

രൂക്ഷമായ പ്രകൃതിവിഭവചൂഷണം കൊണ്ടും ഉദാരീകരണത്തിന്റെ തള്ളിക്കയറ്റം കൊണ്ട് രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള മറ്റൊരു ജനകീയ ബദല്‍ ആണ് ഹരിതകേരളം മിഷന്‍. പുതിയ മാലിന്യ ശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഒരു പുതുപരീക്ഷണമാണിത്.

അതാതുകാലങ്ങളില്‍ പുതുമയായിരുന്ന സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണ പ്രസ്ഥാനവും കുടുംബശ്രീ പ്രസ്ഥാനവുമെല്ലാം ആവിഷ്‌കരിച്ച് നടപ്പിക്കലാക്കിയ നമുക്ക്, ഈ മിഷനുകളും നിശ്ചയദാര്‍ഢ്യത്തോടെ വിജയകരമാക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കൊപ്പം ജനപിന്തുണയും അതിനുമതിയായ മൂലധനമാണ്.

1957 ല്‍ ആദ്യകേരള മന്ത്രിസഭ ഒരുക്കിയ അടിത്തറയില്‍ നവകേരളം കെട്ടിപ്പടുക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു എന്നതാണ് 2017ന്റെ പ്രത്യേകത. ഒന്നാം വാര്‍ഷികത്തെ അഭിമാനിക്കാന്‍ വകയുള്ളതാക്കുന്നത് ഇതുപോലുള്ള ജനപക്ഷ ബദലുകളാണ്.
സാമ്പ്രദായികവും ഗതാനുഗതികവുമായി ചിന്തിക്കുന്ന രീതി മാറ്റി, നവീനവും ചടുലവുമായി ചിന്തിച്ചു മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. അതിന്റെ ഉദാഹരണമാണ് ബജറ്റിനുള്ളിലൊതുങ്ങി നിന്നുകൊണ്ടുള്ള വികസനമെന്ന കാഴ്ചപ്പാട് പൊളിച്ചുകൊണ്ട് ബജറ്റിനു പുറത്തുള്ള വിഭവസമാഹരണമെന്ന കാഴ്ചപ്പാട്. പരിമിതമായ വിഭവസമാഹരണ സാധ്യത മാത്രമുള്ള നമ്മുടെ ബജറ്റിനു പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിച്ച് അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കുകയാണു സര്‍ക്കാര്‍. അതാണ് കിഫ്ബി. ആവേശകരമായി അതു മുമ്പോട്ടു നീങ്ങുകയാണ്.

പൊതുവിതരണ സമ്പ്രദായം ദേശീയതലത്തില്‍ തന്നെ ചുരുക്കപ്പെടുമ്പോള്‍ കേന്ദ്രത്തില്‍നിന്ന് അരി കിട്ടാതിരുന്നിട്ടു കൂടി സ്വന്തം നിലയ്ക്ക് അരി എത്തിച്ചതും കണ്‍സ്യൂമര്‍ഫെഡിനെയും സപ്ലൈകോയെയും കമ്പോളത്തിലിടപെടുവിച്ച് വില നിയന്ത്രിച്ചതും ജനപക്ഷ ബദലിന്റെ മറ്റൊരു മുഖം കാട്ടിത്തന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകള്‍ക്കുമേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതും അവര്‍ക്കുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതും ദുരിതബാധിതരുടെ പുനഃരധിവാസത്തിനായി ഇടപെടലുകള്‍ നടത്തുന്നതും ബഡ്സ് സ്‌കൂള്‍ സ്ഥാപിച്ചതും  സര്‍ക്കാരിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമുതല്‍ പ്രദേശത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഗവണ്‍മെന്റിനു സാധിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന നയം നവ ഉദാരീകരണത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ നടപ്പാക്കുമ്പോള്‍ പാലക്കാട്ടുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതും എഫ്എസിടിയിലെ അടച്ചുപൂട്ടിയ യൂറിയ പ്ലാന്റ് ആധുനികവല്‍ക്കരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കുന്നതും ജനകീയ ബദലിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നു.

നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രതികൂലമായ നിരവധി വ്യവസ്ഥകള്‍ നടപ്പാക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഉപഭോക്താക്കളെ ന്യൂ ജനറേഷന്‍ ബാങ്കുകളുടെ തട്ടകത്തിലേക്കെത്തിച്ചു കൊടുക്കാനാണോ ഈ തന്ത്രങ്ങള്‍ എന്നു സംശയിക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് ‘കേരള ബാങ്ക്’ എന്ന സാമ്പത്തികരംഗത്തെ ബദല്‍ സംവിധാനവുമായി കേരള ഗവണ്‍മെന്റ് ധീരമായി മുമ്പോട്ടുവരുന്നത്. കേരള ബാങ്ക് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. അതാകട്ടെ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും വലിയ ആശ്വാസകരമാവുന്ന രീതിയിലാവും പ്രവര്‍ത്തിക്കുക.

നോട്ടുനിരോധന കാലത്ത് നമ്മുടെ സഹകരണ ബാങ്കുകളെ പുതിയ പുതിയ ഉപാധികളും വ്യവസ്ഥകളും വെച്ച് ഞെരിച്ചുകൊല്ലാനുള്ള നീക്കം നടന്നത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഘട്ടത്തില്‍ നോട്ടുപ്രതിസന്ധിയുടെ ആഘാതത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാവാതെ നോക്കാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനു സാധിച്ചത് ചെറിയ കാര്യമല്ല. ബദല്‍ നയസമീപനങ്ങളുണ്ടായതുകൊണ്ടാണ് അതു സാധിച്ചത്.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിടുന്നത്. അതുണ്ടാക്കുന്ന ആഘാതത്തിന്റെ രൂക്ഷത ഇത്രത്തോളം കുറയ്ക്കാന്‍ സാധിച്ചത് നേരത്തെ തന്നെ ആസൂത്രണം ആരംഭിച്ചതുകൊണ്ടാണ്. എട്ട്-പത്ത് മാസങ്ങള്‍ക്കു മുമ്പേ തന്നെ വരള്‍ച്ച നേരിടാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. മുന്‍കാലങ്ങളിലെ തോതില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരുന്നത് ഇതേപോലെ ആരോഗ്യരംഗത്ത് മുന്‍കൂട്ടി ആസൂത്രണം നടത്താന്‍ ശ്രദ്ധിച്ചതുകൊണ്ടാണ്. ഇതേപോലെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് തലസ്ഥാനത്തുണ്ടാകുമായിരുന്ന വന്‍ ജലക്ഷാമത്തെ നെയ്യാര്‍-അരുവിക്കര ഇടപെടല്‍ കൊണ്ടു മറികടന്നത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ച റെക്കോര്‍ഡുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍, കേരളത്തിന് ഈ വകയില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം കിട്ടിയില്ല. ഈ രംഗത്തും ബാങ്കിങ് മേഖലയിലും ഇറക്കുമതി രംഗത്തും സഹകരണമേഖലയിലും പൊതുവിതരണ സമ്പ്രദായ കാര്യത്തിലും ഒക്കെ ഉണ്ടാകുന്ന പ്രതികൂല സമീപനങ്ങള്‍ നമ്മുടെ സുഗമമായ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നുവെന്നതാണ് സത്യം.
നിയമന മരവിപ്പു മാറ്റി 36047 പേര്‍ക്ക് പിഎസ്സി വഴി ജോലി കൊടുത്തതും രണ്ടായിരത്തിയഞ്ഞൂറിലേറെ പുതു തസ്തികകള്‍ സൃഷ്ടിച്ചതും വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും ജനപക്ഷ ബദല്‍ നയങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്.

തകര്‍ച്ച നേരിടുന്ന കാര്‍ഷികരംഗം ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2015-16ല്‍ 1.97 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2016-17ല്‍ 2.02 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുവാന്‍ സാധിച്ചു. റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ടിനായി വകയിരുത്തിയ 500 കോടിയില്‍ 449.77 കോടി രൂപ 3.3 ലക്ഷം റബ്ബര്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. ഭക്ഷ്യധാന്യ വിളകളുടെ കൃഷിക്ക് മാത്രം ബാധകമായിരുന്ന സൗജന്യ വൈദ്യുതിനിരക്ക് വിളകളുടെ തരം പരിഗണിക്കാതെ മറ്റു വിള’ള്‍ക്കും നല്‍കി. വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുന്നതിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ സക്രിയമായ ഇടപെടലുകള്‍ നടത്തി.

അടിസ്ഥാനപരമായ മാറ്റം എല്ലാ മേഖലകളിലും വരുത്താന്‍ മതിയായ കാലയളവല്ല ഈ ഒരുവര്‍ഷം. പക്ഷെ മാറ്റങ്ങള്‍ക്കുള്ള അടിത്തറ ഒരുക്കാന്‍ മതിയായ കാലയളവാണ് താനും. അത് വിജയകരമായി സാധ്യമായിട്ടുണ്ട് എന്നത് വ്യക്തമാണ്. സാര്‍വദേശീയ മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ നടപടികളെ തുറന്നംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ബി ബി സി പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ‘ടെലിസറും’ ‘ലെ ഹ്യൂമനിറ്റും’ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഭിന്നലിംഗക്കാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ച് ‘ദി ഗാര്‍ഡിയന്‍’ പത്രത്തിന്റെ വാര്‍ത്തയും ഇന്റര്‍നെറ്റ്  അവകാശമാക്കുന്നതിനെക്കുറിച്ചുള്ള ‘ദി ഇന്‍ഡിപെന്‍ഡന്റിന്റെ’ വാര്‍ത്തയും ഒക്കെ കേരളീയര്‍ക്കാകെ അഭിമാനമാകുന്ന സ്ഥിതിയാണുള്ളത്.

മികവാര്‍ന്ന പോലീസിങ്ങിനുള്ള നാഷണല്‍ പോലീസ് എക്‌സലന്‍സ് അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്നത് കേരളമാണെന്ന് ഇന്ത്യ ടുഡേ സര്‍വേ കണ്ടെത്തി. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി കേരളം മാറി. സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം മാറി. അങ്ങനെ മലയാളികള്‍ക്കാകെ അഭിമാനകരമായ ഒരു സാഹചര്യം ഭരണനിര്‍വഹണത്തിലൂടെ കൊണ്ടുവരാനായി എന്നതില്‍ സര്‍ക്കാരിന് ഏറെ ചാരിതാര്‍ഥ്യമുണ്ട്.

അതിവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയ രാഷ്ട്രീയത്തില്‍ ജനന• മുന്‍നിര്‍ത്തിയുള്ള ബദല്‍ എന്ന നിലയില്‍ പ്രതീക്ഷയോടെ ജനങ്ങള്‍ നോക്കിക്കാണുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വ മുള്ളവരാക്കുന്നു.

രാജ്യം രണ്ടുവിധത്തിലുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഒന്ന്, വര്‍ഗീയ ധ്രുവീകരണത്താലുണ്ടാവുന്ന പ്രശ്‌നം. രണ്ട്, നിസ്വജന വിഭാഗങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുന്ന കോര്‍പ്പറേറ്റുവല്‍ക്കരണം ഉള്‍പ്പെട്ട നവലിബറല്‍ നയങ്ങള്‍ കൊണ്ടുണ്ടാവുന്ന മാറ്റം. ഇതിനെ രണ്ടിനെയും ഒരുപോലെ ചെറുത്ത് ജനമനസ്സിന്റെ ഒരുമയ്ക്കും ജനജീവിതത്തിന്റെ ഭദ്രതയ്ക്കും വേണ്ടി നിലകൊള്ളുന്ന ശക്തിയുടെ പ്രതീകം എന്ന നിലയ്ക്കാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിലയിരുത്തപ്പെടുന്നത്.

ലക്ഷക്കണക്കിനു കോടികള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി എഴുതിത്തള്ളുകയും പൊതുവിതരണ പരിധിയില്‍ നിന്നുവരെ പാവപ്പെട്ടവരെ കൂടുതല്‍ കൂടുതല്‍ ഒഴിവാക്കുകയും ചെയ്യുന്ന സാമ്പത്തിക നയം ഒരുവശത്ത്. വ്യക്തിജീവിതത്തെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ആഹാരം മുതല്‍ വിവാഹം വരെയുള്ള എല്ലാ കാര്യങ്ങളിലും കടന്നുകയറി ഇടപെടുന്ന വര്‍ഗീയനയം മറുവശത്ത്. ഇതിനെ രണ്ടിനെയും ചെറുത്തുകൊണ്ട് മതനിരപേക്ഷതയുടെ അടിത്തറയില്‍, സാമ്പത്തിക ആശ്വാസനടപടികളുടെ അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍.

ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ അതിശക്തമായ ജനപക്ഷ ബദല്‍ നയങ്ങള്‍ കൊണ്ട് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണീ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകാശപൂര്‍ണ്ണവും ഐശ്വര്യസമൃദ്ധവുമായ ഒരു ഭാവി കേരളത്തിനായി നമുക്ക് മുന്നേറാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button