Latest NewsNews

നിര്‍ധനനായ ഗ്രൂപ്പ് അംഗത്തിന് വീട് വാങ്ങി നല്‍കി ഒരുകൂട്ടം ഫേസ്ബുക്കന്മാര്‍

-അഷ്‌റഫ് ആനയടി
ഫേസ്ബുക്ക്‌ എന്നാല്‍ വെറും ചാറ്റിങ്ങും പോസ്റ്റിങ്ങുമല്ലെന്ന് തെളിയിച്ചു ഒരു കൂട്ടം ഫേസ്ബുക് കൂട്ടായ്മ. ഡിഫ്‌റന്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജ് കൂട്ടായ്മയാണ് നിര്‍ധനനായ ഗ്രൂപ്പ് അംഗത്തിന് വീട് വാങ്ങി നല്‍കിയത്. ഫേസ്ബുക്ക് കൂട്ടുകാർ ചേര്‍ന്ന് 10 ലക്ഷം രൂപ സമാഹരിച്ചാണ് ഈ മഹത് കർമ്മം നിറവേറ്റിയത്.

സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രോളുകളും, അനാവശ്യ വിമര്‍ശനങ്ങളുമാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മാതൃകാപരമായ പ്രവർത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന്‍ ഈ കൂട്ടായ്മ വഴി ഒത്തുകൂടിയവര്‍ സ്നേഹത്തിന്‍റെ വലിയ ആകാശങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നത്തെ വാര്‍ത്ത.

പരസ്പരം പരിചയമില്ലാത്ത, ബന്ധമില്ലാത്ത, നാട്ടുകാരോ, വീട്ടുകാരോ, അയല്‍ക്കാരോ അല്ലാത്ത അവര്‍  ഫേസ്ബുക്ക്‌ വഴി ഒന്നിക്കുകയും, ഗ്രൂപ്പില്‍ അംഗമായ നിര്‍ധന യുവാവിനു വേണ്ടി 10 ലക്ഷത്തോളം രൂപ മുടക്കി ഒരു വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തിരിക്കുകയാണ്.

തടിപ്പണിക്കാരനായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശി വിനീത് വിഷ്ണു മൂന്ന്‍ വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കാലിന്റെ ഇടുപ്പിന് ഈ അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു. സ്വന്തം വീടും സ്ഥലവും വിറ്റാണ് യുവാവ് ചികിത്സ നടത്തിയത്. തനിയെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഈ യുവാവ്.

ഗ്രൂപ്പില്‍ യുവാവിന്റെ  അവസ്ഥ അറിഞ്ഞ അഡ്മിൻ പാനൽ മെമ്പേഴ്സും, മറ്റു ഗ്രൂപ്പ് അംഗങ്ങളും ഒത്തുചേര്‍ന്ന് ഗ്രൂപ്പ് വഴി ഒന്നരലക്ഷം രൂപ സമാഹരിച്ച് മുൻപേ വിനീതിന്‍റെ ചികിത്സയ്ക്കായി നല്‍കിയിരുന്നു.തുടര്‍ന്നായിരുന്നു വിനീതിന് നഷ്ടമായ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍സ് തീരുമാനിച്ചത്. ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചു, ഗ്രൂപ്പിൽ അംഗങ്ങളായിരുന്നവരെല്ലാം കാര്യമായി സഹകരിച്ചു. അങ്ങനെ 10 ലക്ഷം രൂപ മുടക്കി 4 സെന്റ്‌ സ്ഥലവും ഒരു വീടും വിലയ്ക്ക് വാങ്ങുകയുമായിരുന്നു.

വൈക്കത്തെ മറവന്‍തുരുത്തിലായിരുന്നു വീട് വാങ്ങിയത്. കഴിഞ്ഞ 21 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്ഥലം എം എല്‍ എ സി കെ ആശയാണ് വീടിന്‍റെ താക്കോല്‍ വിനീതിന് കൈമാറിയത്.

ഗ്രൂപ്പ് അഡ്മിന്‍മാരായ ബിജു കുമാര്‍, വിനോദ് ചെറ്റേക്കാട്ട്, ജല്‍ജിസ്, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ അപ്പു അജിത്‌ തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button