ഇസ്ലാമാബാദ്: കേസ് ആവശ്യത്തിന് കോടതിയില്‍ പോയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മൊബൈല്‍ പാക് അധികൃതര്‍ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പാക് അധികൃതരുടെ നടപടി. വിസ സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുള്ള ഹൈകമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറി പീയൂഷ് സിങ്ങിന്റെ ഫോണാണ് പിടിച്ചെടുത്തത്.
തന്നെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത് തടഞ്ഞുവച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍കാരനായ ഭര്‍ത്താവിനെതിരേ ഇന്ത്യന്‍ എംബസിയില്‍ ഉസ്മ എന്ന ഇന്ത്യന്‍ യുവതി പരാതിയുമായി വന്നിരുന്നു. ഈ യുവതിയുടെ കേസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് പിയുഷ് സിങ് കോടതിയില്‍ പോയത്.
ഉസ്മ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ, ഹൈക്കോടതിയിലുണ്ടായിരുന്ന ജഡ്ജി മൊഹസീന് അക്തര്‍ കയാനിയുടെ ചിത്രമെടുക്കാന്‍ പീയൂഷ് സിങ് ശ്രമിച്ചുവെന്നും അതിനാലാണ് ഫോണ്‍ വാങ്ങിയതെന്നുമാണ് പാക് അധികൃതര്‍ പറയുന്നത്. അതേസമയം, താന്‍ ഫോണില്‍ മെസേജ് ടൈപ്പ് ചെയ്യുകയായിരുന്നെന്നും കോടതി ദൃശ്യങ്ങളൊന്നും കാമറയില്‍ പകര്‍ത്തിയില്ലെന്നും പിയൂഷ് മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്രജ്ഞനൊപ്പം ഉസ്മയുടെ അഭിഭാഷകനായ മാലിക് ഷാ നവാസ് നൂണും ഉണ്ടായിരുന്നു.
തന്നെ കബളിപ്പിച്ചുപാക്കിസ്ഥാനില് കൊണ്ടുപോയി തോക്കിന് മുനയില്‍ നിര്‍ത്തി വിവാഹം കഴിച്ചുവെന്നും പിന്നീട് തടവിലാക്കിയെന്നും പരാതി പറഞ്ഞാണ് ഉസ്മ ഇന്ത്യന്‍ എംബസിയിലെത്തിയത്. തുടര്‍ന്ന് ഉസ്മ എംബസിയില്‍ തന്നെ കഴിയുകയാണ്. ഉസ്മയുടെ യാത്രാരേഖള്‍ ശരിയാക്കി യുവതിയെ ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടികള്‍ക്കായാണ് പിയൂഷ് സിങ് കോടതിയില്‍ പോയത്.
Post Your Comments