കൊച്ചി: ആലപ്പുഴ അരൂരില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ബസ് സ്റ്റോപ്പിലെ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു.
ഇടക്കൊച്ചി മനീഴത്തു വീട്ടില്‍ രുക്മിണി സുബ്രഹ്മണ്യ(52)നാണു മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു മരിക്കുകയായിരുന്നു.
കൊച്ചി -ആലപ്പുഴ റൂട്ടിലെ പ്രധാന ജംഗ്ഷനായ അരൂര്‍ ക്ഷേത്രം കവലയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനുണ്ടായ അപകടത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ച രുക്മിണി അടക്കം നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റു മൂന്നുപേര്‍ കൂടി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോട്ടയം മുട്ടമ്പലം ലാവണ്യയില്‍ സ്മിത കുര്യാക്കോസ് (41), ചേര്‍ത്തല അരൂര്‍ കടവില്‍ത്തറ വീട്ടില്‍ സുനില്‍ കുമാര്‍ (44), അരൂക്കുറ്റി കൂട്ടുങ്കല്‍ത്തറ ബേബി വാസു (63) എന്നിവരുടെ നിലയാണു ഗുരുതരമായി തുടരുന്നത്.
അമിതവേഗത്തിലെത്തിയ തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം തെറ്റി നടപ്പാതയിലൂടെ 20 മീറ്ററോളം പാഞ്ഞശേഷമാണു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്. വൈകുന്നേരമായതിനാല്‍ ക്ഷേത്രം കവലയില്‍ നല്ല തിരക്കുണ്ടായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്നവരെ ഇടിച്ചു വീഴ്ത്തി മുന്നോട്ടുനീങ്ങിയ കാര്‍ കവലയിലെ സിഗ്നല്‍ മീഡിയത്തില്‍ ഇടിച്ചാണു നിന്നത്. ഒരു ബൈക്കും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചിരുന്നു. കാറിന്റെ വരവ് കണ്ടു നടപ്പാതയിലും മറ്റുമുണ്ടായിരുന്നവര്‍ ഓടിമാറിയതിനാലാണു കൂടുതല്‍ അപകടം ഒഴിവായത്.
Post Your Comments