ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വന്ന 50 പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യ തിരിച്ചയച്ചു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാക് സംഘത്തെ ക്ഷണിച്ച സന്ദര്‍ഭം ഉചിതമായില്ലെന്നാണ് ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.
ഒരു എന്‍ജിഒ സംഘടനയാണ് 50 പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും അടങ്ങിയ സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മെയ് ഒന്നിനാണ് സംഘം ഇന്ത്യയിലെത്തിയത്. ഇവര്‍ ഇന്ത്യയില്‍ കാലുകുത്തിയ ദിവസം തന്നെയാണ് പാക് സൈന്യത്തിലെ ഭീകരസംഘം ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി ക്രൂരത കാണിച്ചത്.
സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി റൂട്‌സ് ടു റൂട്‌സ് എന്ന സന്നദ്ധസംഘടനയാണ് പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥി സംഘത്തെ ക്ഷണിച്ചുകൊണ്ടുവന്നത്. 11 നും 15 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളായിരുന്നു പാക്കിസ്ഥാനില്‍ നിന്നെത്തിയത്.
ബുധനാഴ്ച ആഗ്ര സന്ദര്‍ശനവും വ്യാഴാഴ്ച പാക്കിസ്ഥാന്‍ എംബസിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ചയുമായിരുന്നു സംഘത്തിന്റെ പരിപാടി. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമെത്തിയത്. ഉടന്‍ തന്നെ സംഘം പരിപാടി വെട്ടിച്ചുരുക്കി ലാഹോറിലേക്ക് തിരിച്ചുപോയെന്ന് റൂട്‌സ് ടു റൂട്‌സ് ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments