Latest NewsNewsIndia

ഇനി പാന്‍ കാര്‍ഡുകള്‍ക്കും ആധാര്‍ : ഇതിനു പിന്നിലെ വസ്തുത വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡുകള്‍ക്കും ആദാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നിലെ വസ്തുത വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

പാന്‍ കാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു ഭീകരവാദം തടയാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത് കള്ളപ്പണമാണ്. അതിനാല്‍ കള്ളപ്പണം തടയുന്നതിനും ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ തടയുന്നതിനും ലക്ഷ്യംവെച്ചാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഇന്നത്തെ സാഹചര്യത്തില്‍ മയക്കുമരുന്ന് കച്ചവടത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമായി വലിയ തോതില്‍ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗള്‍ റോഹത്ഗി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി ഉണ്ടാക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആധാറുമായി പാന്‍ കാര്‍ഡുകളെ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ആകെ 29 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 10 ലക്ഷവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസാധുവാക്കിയിരുന്നു. ചില വ്യക്തികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ വ്യാജമായി നിര്‍മ്മിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആധാര്‍ പദ്ധതി നടപ്പിലാക്കിയത് മൂലം രാജ്യത്തിന് 50,000 കോടി രൂപയുടെ ലാഭമുണ്ടാക്കാനായെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ശരിയായ രീതിയില്‍ വിതരണം ചെയ്യാനായെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും രാജ്യത്തെ 13 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സിഐഎസ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകളിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതെന്ന് സിഐഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button