ദുബായ് : മകന്റെ ജീവന് അപകടപ്പെടുത്തും വിധം വാഹനമോടിച്ച പിതാവിന്റെ കാര്‍ ദുബായ് ട്രാഫിക് പൊലീസ് പൊക്കി. ഫോര്‍വീല്‍ വാഹനത്തിന്റെ മുകള്ഭാഗം തുറന്നു, കുട്ടിയുടെ തല പുറത്തേക്കിടാന്‍ സൗകര്യം ചെയ്താണ് ഇന്ത്യക്കാരനായ ഇയാള്‍ തിരക്കുള്ള ദുബായ് റോഡിലൂടെ വാഹനം ഓടിച്ചത്.
ദുബായ് പൊലീസ് അസി. ഡയരക്ടര്‍ മേജര്‍ മുഹമ്മദ് സൈഫ് അല്സഫീന് ഒരു സുഹൃത്ത് വഴി ലഭിച്ച ചിത്രമാണ് പിതാവിനെ കുടുക്കിയത്. അഞ്ചു വയസ്സ് പ്രായമുള്ള കുട്ടിയുടെ തല പുറത്തേക്കിട്ട് ദുബായ് ഉമ്മുസഖീം റോഡിലൂടെ വാഹനം ഓടിച്ചു പോകുന്ന ചിത്രം അടിസ്ഥാനമാക്കി പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു. നിരത്തുകളില്‍ റോന്തു ചുറ്റുന്ന പട്രോള്‍ വാഹന വിഭാഗത്തിനു ചിത്രം അല്‍ സഫീന്‍ കൈമാറി. ഒരു കമ്പനിയുടെ പേരിലുള്ള ഈ വാഹനത്തിന്റെ ലൈസന്‍സ് കഴിഞ്ഞ നവംബറില്‍ കാലാവധി തീര്‍ന്നതായും കണ്ടെത്തി. കുഞ്ഞിന്റെ ജീവനു അപകടം വരുത്തും വിധം വളയംപിടിച്ച ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും വാഹനം പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തല പുറത്തേക്കിട്ടുള്ള സഞ്ചാരത്തില്‍ കുട്ടി സന്തോഷവാന്‍ ആയിരുന്നു. അതുമൂലമുണ്ടാകുന്ന അപകടമോ നിയമലംഘനം സംബന്ധിച്ചോ തനിക്ക് അറിയില്ലെന്നാണ് പിതാവ് പറഞ്ഞെതെന്ന് മേജര്‍ അല്‍ സഫീന്‍ സൂചിപ്പിച്ചു. വാഹനം സഡന്‍ബ്രേക്ക് ഇടുന്ന അവസരത്തില്‍ കുട്ടിയുടെ പുറംഭാഗം ഇടിച്ചു അപകടമുണ്ടാകാന്‍ ഈ നിയമ ലംഘനം കാരണമാകും. ശരീരഭാരം കുറഞ്ഞ കുട്ടികള്‍ ബ്രേക്ക് കാരണം പുറത്തേക്ക് തെറിക്കാനും സാധ്യതയുണ്ട്. കാലാവധി തീര്‍ന്ന ലൈസന്‍സുള്ള വാഹനവുമായി നിരത്തില്‍ ഇറങ്ങിയതും ട്രാഫിക് കേസാണ്. – സഫീന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് പ്രത്യേകം ഇരിപ്പിടം വാഹനത്തില്‍ വേണമെന്ന പുതിയ ട്രാഫിക് നിയമത്തിന്റെ പ്രാധാന്യം ഈ കേസ് എടുത്തു കാണിക്കുന്നുണ്ട്. അപകടം മൂലം കുട്ടികളുടെ ജീവന് അപഹരിക്കപ്പെടുമ്പോള്‍ മാത്രമാണ് ചില രക്ഷിതാക്കള്‍ കുട്ടികളുടെ സുരക്ഷിത യാത്രയെ സംബന്ധിച്ച് ബോധാവാന്മാരാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments