KeralaLatest NewsNews

ഒരുകോടി വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നു

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക വിവരശേഖരം ചോര്‍ന്നു. സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ ഔദ്യോഗിക വിവരശേഖരമാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ വാഹനവില്‍പ്പനയില്‍ ഇടനിലക്കാരായ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത ഏത് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

രാജ്യവ്യാപകമായി നടപ്പാക്കുന്ന ‘വാഹന്‍ സാരഥി’ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് കൈമാറിയ രേഖകളാണ് നഷ്ടമായതെന്നാണ് പ്രാഥമികനിഗമനം. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്രീകൃതസംവിധാനത്തിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിനായി നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലേതടക്കം 20 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

2010 മുതലാണ് സംസ്ഥാനത്ത് മോട്ടോര്‍വാഹനവകുപ്പ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയത്. മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിവരങ്ങളും പിന്നീട് ഉള്‍പ്പെടുത്തി. ഇങ്ങനെ ചേര്‍ത്ത വിവരങ്ങളാണ് ചോര്‍ന്നത്. മോട്ടോര്‍വാഹനസംബന്ധമായ പിഴയുടെ വിശദാംശങ്ങളും ചോര്‍ന്നിട്ടുണ്ട്.

മോട്ടോര്‍വാഹനവകുപ്പിനെ രേഖകള്‍ ചോര്‍ന്നത് പ്രതിരോധത്തിലാക്കി. നിലവില്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ പ്രവേശിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്. ലോഗിന്‍ ചെയ്യാന്‍ ബയോമെട്രിക് സംവിധാനമടക്കം സുരക്ഷയൊരുക്കിയാണ് ഇതനുവദിച്ചിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനരജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെങ്കിലും പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭ്യമാവുക. വാഹന ഉടമകളായ സ്ത്രീകളുടെ മേല്‍വിലാസവും ഫോണ്‍ നമ്പരും ദുരുപയോഗം ചെയ്യുന്നത് തടയാനും നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ വാഹനവില്‍പ്പനക്കമ്പനിക്ക് രേഖകള്‍ ലഭിച്ചിരിക്കുന്നത്.

നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് (എന്‍.ഐ.സി.) മോട്ടോര്‍വാഹനവകുപ്പിന് വേണ്ടി വിവരശേഖരസംവിധാനം ഒരുക്കിയത്. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ എന്‍.ഐ.സി. ഉദ്യോഗസ്ഥര്‍ക്കും ഡാറ്റാബേസ് കൈകാര്യം ചെയ്യാനാവും. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ചോരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരിപ്പോള്‍.

shortlink

Post Your Comments


Back to top button