മംഗളുരു: മംഗലാപുരത്ത് താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്ന് കെ സുരേന്ദ്രൻ. തന്റെ പ്രസംഗത്തിൽ യാതൊരു പ്രകോപനവും കണ്ടെത്താൻ കഴിയില്ല, പകരം തികച്ചും ജനാധിപത്യപരമായാണ് താൻ പ്രസംഗിച്ചതെന്ന്‍ അദ്ദേഹം വീഡിയോ സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. കൊലക്കു കോല തങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു പല മാധ്യമങ്ങളും സുരേന്ദ്രന്റെ പ്രസംഗത്തെ ഉദ്ധരിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇതിനെ പാടെ നിഷേധിച്ചു കൊണ്ട് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപത്തിലുള്ള വീഡിയോയും സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരത്ത് ഞാന്‍ നടത്തിയ പ്രസംഗം വെട്ടും തിരുത്തുമില്ലാതെ എന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്‍ പ്രസംഗത്തിന്റെ ടെക്സ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം.
മംഗലാപുരത്ത് ഞാൻ നടത്തിയ പ്രസംഗം വെട്ടും തിരുത്തുമില്ലാതെഃ. ഞങ്ങൾ സംഘ്പരിവാർ ജനാധിപത്യത്തിൽ ആണ് വിശ്വസിക്കുന്നത്, സ്നേഹത്തിലും സഹോദര്യത്തിലും സഹനത്തിലും സഹിഷ്ണുതയിലുമാണ് വിശ്വസിക്കുന്നത്.. അല്ലെങ്കിൽ ഡൽഹിയിലും മധ്യപ്രദേശിലും യു പിയിലും മഹാരാഷ്ട്രയിലും പഞ്ചാബിലും നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്ന അക്രമങ്ങൾ അതെ രീതിയിൽ ഞങ്ങൾ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾ ഓടുന്ന വഴിക്കു പൊടിപോലും കാണില്ല. ഡൽഹിയിലെ എ കെ ജി സെന്ററിൽ ഇപ്പോഴും ചുവന്ന കൊടിയും അരിവാളും കത്തിയും മുട്ടിയും അവിടെ നിൽക്കുന്നതു ഞങ്ങളുടെ മഹത്തായ സഹിഷ്ണുതയുടെ ഫലമാണ്. അയൽസംസ്ഥാനത്തു നടത്തുന്ന ഈ ഹർത്താൽ മാതൃകാപരമായ ഒരു സന്ദേശമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും കേരള ഗവണ്മെന്റിനും നൽകുന്നത്, അക്രമം അവസാനിപ്പിക്കണം, ആയുധം താഴെ വയ്ക്കാൻ തയ്യാറാവണം, കേരളത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കിൽ സി പി എം ആയുധം താഴെ വയ്ക്കണം, കൊലക്കത്തി താഴെ വയ്ക്കാൻ തയ്യാറാവണം.
ഈ അഭ്യർത്ഥനയാണ് ഞങ്ങൾക്ക് വേണ്ടി രാജ്യമാസകലമുള്ള ആളുകൾ പറയുന്നത്, ആ സന്ദേശമാണ് നാളത്തെ ഹർത്താൽ നൽകുന്നത്. ഇവിടെ അക്രമത്തിനു പ്രസക്തിയില്ല, കൊലപാതകത്തിന് പകരം കൊലപാതകം അക്രമത്തിനു പകരം അക്രമം.. കണ്ണിനു കണ്ണ്, പല്ലിനു പല്ലു, ചോരക്കു ചോര.. ഇത് ഞങ്ങളുടെ രീതിയല്ല. ഞങ്ങൾക്ക് അതിനു കഴിവില്ലാത്തതു കൊണ്ടല്ല, തിരിച്ചടിക്കാൻ ശക്തിയില്ലാത്ത കൊണ്ടല്ല. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 16 ശതമാനം വോട്ട് കിട്ടിയിട്ടുണ്ട്, എന്നാൽ 2 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന കാലത്തു അടിക്കു തിരിച്ചടിയും കൊലക്കു തിരിച്ചും കൊടുത്തിട്ടുണ്ട് എന്നാൽ ഇപ്പോൾ അടിക്കു പകരം അടിയോ കൊലക്കു പകരം കൊലയോ ഇല്ല പക്ഷെ നിങ്ങളെ ഞങ്ങൾ വെറുതെ വിടില്ല.. നിങ്ങൾ കർണാടകയിൽ പോയാൽ ഞങ്ങൾ അവിടെയുണ്ടാകും, നിങ്ങൾ ആന്ധ്രയിൽ പോയാൽ ഞങ്ങൾ അവിടെയുണ്ടാകും, നിങ്ങൾ മധ്യപ്രദേശിൽ പോയാൽ ഞങ്ങൾ അവിടെയുണ്ടാവും നിങ്ങൾ ദില്ലിയിൽ പോയാൽ ഞങ്ങൾ അവിടെയുണ്ടാകും ഞങ്ങളുടെ പ്രവർത്തനത്തെ തടയാൻ നിങ്ങൾ വന്നാൽ ഇന്ത്യയിൽ എല്ലായിടത്തും ജനാധിപത്യപരമായ പ്രതിഷേധം ഉണ്ടാവും. അതിന്റെ സൂചനയാണ് മംഗലാപുരത്ത്. കേരളം ദൈന്യതയുടെയും കഷ്ടത്തിന്റെ നടുക്കാണ് വെള്ളമില്ല, അരിയില്ല, കൊലമാത്രമാണ്, കൊലയാളി ഭരണമാണ്, കേരളത്തെ രക്ഷിക്കാനാണ് ഞങ്ങൾ സംഘപരിവാർ ജീവൻ കൊടുത്തും ശ്രമിക്കുന്നത്.. നിങ്ങളുടെ സഹായത്തിനു നന്ദി.. ഭാരത് മാതാ കി ജയ്.. ഭാരത് മാതാ കി ജയ്.. ഭാരത് മാതാ കി ജയ്..
Post Your Comments