മലിനീകരണവും, കടുത്ത പ്രകൃതി ചൂഷണവും കാരണം അന്തരീക്ഷ താപനില ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത ചൂടിനോട് യുദ്ധം ചെയ്താണ് നമ്മൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് 2016 ആണ് ഏറ്റവും കൂടുതല്‍ ചൂടുള്ള വര്‍ഷമെന്ന റിപ്പോര്‍ട്ടാണ് നാസ അടുത്തിടെ പുറത്തു വിട്ടത്.
റിപ്പോർട്ടിന് പുറമെ ഒരു നൂറ്റാണ്ടിലെ ഭൂമിയിലെ താപനില വര്‍ദ്ധനവ് 20 സെക്കന്റ് വീഡിയോയിലൂടെ നാസ കാട്ടി തരുന്നു. 100 വര്‍ഷം കൊണ്ട് ഭൂമിയില്‍ ഉണ്ടായ താപനില വര്‍ദ്ധനവാണു വീഡിയോയില്‍ വ്യക്തമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. 1880 മുതല്‍ ലഭ്യമായുള്ള കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലൂടെ ചൂടിന്റെ തീവ്രത സൂചിപ്പിക്കുന്നു. ചുവപ്പ് നിറം ഉപയോഗിച്ചാണ് ഏറ്റവും ചൂട് കൂടിയ സ്ഥലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഓരോ കാലഘട്ടത്തിലും ഭൂമിയുടെ ഏതെല്ലാം ഭാഗങ്ങളിലാണ് ചൂട് കൂടുതലെന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമായി മനസിലാക്കുവാൻ സാധിക്കുന്നു. 2012-2016 കാലഘട്ടത്തെ കാട്ടുമ്പോൾ ഭൂമിയുടെ ഏതാണ്ട് എല്ലാ ഭാഗത്തും ചൂട് കൂടുന്നതായി കാട്ടിയാണ് വീഡിയോ അവസാനിക്കുന്നത്.
മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയുടെ ഇടപെടൽ അത്യാവശ്യമാണ്. അത് മാനിക്കാതെ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ വീഡിയോ. ഈ വൈകിയ വേളയിലെങ്കിലും ഭൂമിയുടെ രക്ഷയ്ക്കായി നാം പ്രവര്‍ത്തിക്കണം എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.
വീഡിയോ കാണാം
Post Your Comments