ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനു പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം എന്നു ചേർത്തതാണു കേന്ദ്രമന്ത്രിക്കു പറ്റിയ അബദ്ധം.
ഇന്നലെ പാസ്വാന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.പിണറായിയും കെ.കെ.രാഗേഷ് എംപിയും കേരളത്തിലെ റേഷൻ പ്രതിസന്ധിയെക്കുറിച്ചു ചർച്ച നടത്തുന്ന ചിത്രങ്ങൾക്ക് താഴെ തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവവുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തി എന്നായിരുന്നു അടിക്കുറിപ്പ്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികൾ അടക്കം പാസ്വാനെതിരെ വിമർശനവുമായി രംഗത്തെത്തി. ആളറിയാതെയാണോ ചർച്ച നടത്തിയത് എന്നുവരെ ചോദ്യമുയർന്നു. അബദ്ധം മനസ്സിലാക്കിയ ഉടൻ ട്വീറ്റ് പിൻവലിച്ച പാസ്വാൻ പിന്നീട് ശരിയായ അടിക്കുറിപ്പോടെ ചിത്രം ട്വിറ്ററിൽ നൽക്കുകയായിരുന്നു.
Post Your Comments