കോട്ടയം: കോളേജില്‍ നടനമാടുന്ന പീഡനങ്ങളുടെ കൂട്ടത്തില്‍ കോട്ടയത്തെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജിനെക്കുറിച്ചും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വളരെ അച്ചടക്കത്തോടെ നടത്തുന്ന സ്ഥാപനമാണെന്ന് വരുത്തി തീര്‍ത്ത് ഈ കോളേജിനുള്ളില്‍ നടക്കുന്നതാകട്ടെ അതീക്രൂരമായ പീഡനങ്ങള്‍. കോളേജിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം സംസാരിക്കാന്‍ പോലും വിടാത്ത ചെയര്മാന് കാട്ടുന്ന പീഡനങ്ങളില്‍ പല പ്രതിഷേധങ്ങളും നടന്നു.
കോളേജ് ചെയര്മാന് ടോം ടി ജോസഫ് വിദ്യാര്‍ത്ഥികളോട് കാണിക്കുന്നതോ മറ്റൊന്ന്. ടോംസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടികളുടെ രക്ഷിതാക്കള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതിയും സമര്‍പ്പിച്ചിരുന്നു.
അധ്യാപകരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനെന്ന വ്യാജേന ഗേള്‍സ് ഹോസ്റ്റലിലേക്ക് പോകുന്ന ചെയര്‍മാന്റെ ചരിത്രം വിചിത്രം തന്നെ. കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്യുന്നു. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളോട് നിനക്കൊക്കെ ബോംബെയിലെ ചുവന്ന തെരുവില്‍ പോയിക്കൂടെ എന്നാണ് ചെയര്‍മാന്റെ പ്രതികരണം.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴയും കോളേജ് അധികൃതര്‍ ഈടാക്കുന്നു. യോഗ്യതയില്ലാത്തവരാണ് ഇവിടെ അധ്യാപകരായെത്തുന്നതെന്നും ആരോപണമുണ്ട്. കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് വരെ വിദ്യാര്‍ത്ഥിനി ശ്രമിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
രാത്രി എട്ടരകഴിഞ്ഞു മാത്രം ഉണ്ടാവുന്ന ചെയര്‍മാന്റെ ഹോസ്റ്റല്‍ സന്ദര്‍ശനമാണ് പെണ്‍കുട്ടികളുടെ പ്രധാന പരാതി. ചെയര്മാന് വരുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഏതു വേഷത്തിലാണോ അതുപോലെ നില്‍ക്കണം. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ല. പെണ്‍കുട്ടികളുടെ ടീഷര്‍ട്ടിലെ ഡയലോഗുകള്‍ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അര്‍ത്ഥം പറയിപ്പിക്കുക, നിലത്തു കിടക്കുന്ന സാധനങ്ങള്‍ കുനിഞ്ഞ് എടുപ്പിക്കുക, തുടങ്ങിയ വഷളന്‍ പരിപാടികളാണു ചെയര്മാന് സ്ഥിരം നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Post Your Comments