ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കിനെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് മോദി പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. സംസ്ഥാനത്ത് വനവാസത്തിന് അയയ്ക്കപ്പെട്ട വികസനത്തെ തിരിച്ചു കൊണ്ടുവരാന്‍ സമയമായെന്നും ലക്നൗവിലെ അംബേദ്കര്‍ ഗ്രൗണ്ടില്‍ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലും എന്റെ റാലിക്ക് ഇത്രയും ജനക്കൂട്ടത്തെ യു.പിയില്‍ കണ്ടിട്ടില്ല. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് താല്പര്യമുള്ളത് കൊണ്ടാവാം ഇത്രയും പേര് ഇവിടെ റാലിക്കെത്തിയത്.
14 വര്‍ഷമായി യു.പിക്ക് പുറത്താണ് ബി.ജെ.പിയുടെ സ്ഥാനം. എന്നാലിപ്പോള്‍ അത് അവസാനിപ്പിക്കാന്‍ സമയം എത്തിക്കഴിഞ്ഞു. ഞാന്‍ യു.പിയില്‍ നിന്നുള്ള എം.പിയാണ്. ഇവിടെ മാറി മാറി ഭരിച്ച സമാജ്വാദി ബി.എസ്.പി സര്‍ക്കാരുകള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഞാന്‍ കണ്ടതാണ്. യു.പിയിലെ വികസന മുരടിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങളെ കാത്തിരിക്കുന്നത്. വികസനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യേണ്ട ഉത്തരവാദിത്തമാണ് ജനങ്ങളില്‍ വന്നു ചേര്‍ന്നിരിക്കുന്നത്- മോദി പറഞ്ഞു.
മോദിയെ പുറത്താക്കൂ എന്നാണ് എസ്.പിയും ബി.എസ്.പിയും പറയുന്നത്. എന്നാല്‍, അത് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടികളല്ല. രാജ്യത്തെ ജനങ്ങളാണ്. കള്ളപ്പണക്കാര്‍ക്കു വേണ്ടി ബി.എസ്.പിയും എസ്.പിയും കൈകോര്‍ക്കുകയാണ്. എന്നാല്‍, കള്ളപ്പണക്കാരെ ആരെയും വെറുതെ വിടില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും മോദി വ്യക്തമാക്കി.
Post Your Comments