കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനു പിന്നാലെ ഇ കെ സുന്നി വിഭാഗത്തിന്റെ ദര്‍ശന ടിവിയിലും വന്‍ പൊട്ടിത്തെറി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവും പതിവായതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദര്‍ശന ടിവിയിലെ ജീവനക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ചാനലിന്റെ തകര്‍ച്ചക്ക് വഴിവെക്കാവുന്നതാണ് അസംതൃപ്തരായ ജീവനക്കാരുടെ കൂട്ടായ പടയൊരുക്കം.
സത്യധാര കമ്മീഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയില്‍ അഞ്ച് വര്‍ഷം മുമ്പാണ് ഇകെ വിഭാഗം സുന്നികളുടെ പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫ്, ദര്‍ശന പ്രോഗ്രാം ചാനല്‍ ആരംഭിക്കുന്നത്.
55 ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിയമപരമായി ലഭിക്കേണ്ട യാതൊരു ആനുകൂല്യം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. തൊഴില്‍ സുരക്ഷയില്ലായ്മക്കൊപ്പം ശമ്പളം മുടങ്ങുന്നതും പതിവായതോടെയാണ് ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരിക്കുന്നത്.
മാനേജ്‌മെന്റിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ നിരവധി പേരെ ഇക്കാലയളവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം സ്ഥാപനത്തില്‍നിന്ന് രാജിവച്ച വേളയില്‍ വിഷ്വല്‍ എഡിറ്ററായിരുന്ന തരുണ്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. രണ്ടുമാസത്തെ ശമ്പളം നിഷേധിച്ചതിനെത്തുടര്‍ന്നാണ് തരുണ്‍ ലേബര്‍ കോടതിയെ സമീപിച്ചത്. ഈ കേസ് തുടരുന്നതിനിടെയാണ് കൂടുതല്‍ ജീവനക്കാര്‍ സംയുക്തമായി കേസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയനുമായി ആലോചിച്ച് ചാനല്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും മറ്റ് സമരപരിപാടികളും ജീവനക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
തൊഴില്‍ മാനദണ്ഡങ്ങളുടെ ലംഘനം വര്‍ഷങ്ങളായി ദര്‍ശന ചാനലിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്.
പിഎഫ്, 15,000 രൂപയ്ക്ക് താഴെ ശമ്പളമുള്ളവര്‍ക്ക് ഇഎസ്‌ഐ, ഇന്‍ക്രിമെന്റ് വര്‍ധന, വാര്‍ഷിക ബോണസ് തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങളും ലംഘിക്കപ്പെട്ടു വരികയാണ്. ജീവനക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം 2013ല്‍ 12 പേരെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിരവധി ജീവനക്കാര്‍ ഇക്കാലയളവില്‍ ചികിത്സ തേടിയെങ്കിലും ഒരാള്‍ക്കു പോലും ഇഎസ്‌ഐ ആനുകൂല്യം ലഭിച്ചിട്ടില്ല.
ജീവനക്കാര്‍ ലേബര്‍ കമ്മീഷന്‍, പിഎഫ് അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാലുമാസം മുമ്പുമുതല്‍ പിഎഫ് ഗഡു ശമ്പളത്തില്‍ നിന്ന് പിടിച്ചു തുടങ്ങി. എന്നാല്‍ ഈ തുക പ്രൊവിഡണ്ട് ഫണ്ടില്‍ അടച്ചിട്ടില്ല.
ഒട്ടുമിക്ക ജീവനക്കാര്‍ക്കും മൂന്നുമാസത്തിലധികം ശമ്പളം കുടിശ്ശികയുണ്ട്. ചിലര്‍ക്കിത് അഞ്ചുമാസം വരെയാണ്.
എല്ലാ പ്രശ്‌നങ്ങളും അഞ്ചുമാസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തങ്ങള്‍ ചാനലിന്റെ നടപടികളെ പിന്തുണക്കുകയാണെന്ന് കാമറ വിഭാഗത്തിലുള്ളവരില്‍നിന്ന് സിഇഒ ഇടപെട്ട് കത്തെഴുതി വാങ്ങിയിട്ടുണ്ട്. ഇതില്‍ ഒപ്പിടാത്തവരെ പിരിച്ചുവിടാനും നീക്കം തുടങ്ങിക്കഴിഞ്ഞു.
Post Your Comments