തിരുവനന്തപുരം ● ബി.ജെ.പിക്കാർ കേരളത്തെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന അഞ്ചാംപത്തികളാണ്ന്നു ധനമന്ത്രി തോമസ് ഐസക്ക്. സഹകരണ ബാങ്കുകളെ തകർക്കാൻ വമ്പൻ ഗൂഢാലോചന ബി.ജെ.പി നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേരളീയർ വലിയ പ്രക്ഷോഭത്തിനു തയ്യാറാകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഇന്നു നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിലെ അനുഭവത്തിന്റെയും സഹകരണബാങ്കുകൾ നശിച്ചാലെന്ത് എന്ന ബി.ജെ.പി നേതാവ് മുരളീധരന്റെ ടിവി ചർച്ചയിലെ ചോദ്യത്തിന്റെയും അടിസ്ഥാനത്തിൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
എനിക്ക് ഒരു കാര്യം ബോദ്ധ്യമായി. കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ വമ്പൻ ഗൂഢാലോചന നടക്കുന്നുണ്ട്. കേരളത്തിലെ ബിജെപി ഘടകവും കേന്ദ്രത്തിലെ ചില തല്പരകക്ഷികളുമാണ് ഇതിനു പിന്നിൽ. സഹകരണബാങ്കുകൾ നശിച്ചാലെന്ത് എന്ന ഞെട്ടിക്കുന്ന ചോദ്യം ബി.ജെ.പി നേതാവ് മുരളീധരൻ ചാനൽച്ചർച്ചയിൽ ഉയർത്തിക്കേട്ടു.
സഹകരണബാങ്കുകൾ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്നാണ് ബിജെപിയുടെ പ്രചരണം. ഇന്നു ബാങ്കുകളുമായുള്ള ചർച്ചയിൽ പ്രകടിപ്പിക്കപ്പെട്ട ഇക്കാര്യത്തിലെ നിസംഗത ഞെട്ടിക്കുന്നതായിരുന്നു. ഇവരുടേതല്ല നയതീരുമാനം എന്നതു ശരിതന്നെ. പക്ഷേ സഹകരണബാങ്കുകളുടെ സ്തംഭനാവസ്ഥ ഒരു പ്രശ്നമല്ല എന്ന മട്ടിലായിരുന്നു ഇവരുടെ പെരുമാറ്റം.
ബാങ്കുകൾക്കെല്ലാമായി കേരളത്തിൽ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങൾക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകൾ ഉണ്ട്. ഇവയെക്കൂടി ജനങ്ങൾക്കു സമാശ്വാസം നൽകാൻ അണിനിരത്തിയാൽ പ്രതിസന്ധി എത്രയോ ലഘൂകരിക്കാൻ കഴിയും. എന്നാൽ ഇങ്ങനെയല്ല റിസർവ്വ് ബാങ്കിന്റെ ചിന്ത.
ഇടപാടുകാർക്കു തങ്ങളുടെ അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാൻ നിയന്ത്രണങ്ങൾക്കു വിധേയമായി അനുവാദമുണ്ട്. പക്ഷേ പ്രാഥമികസഹകരണബാങ്കുകൾ തങ്ങളുടെ 80,000 കോടിരൂപ നിക്ഷേപത്തിൽ 2,400 കോടിയോളം രൂപ മാത്രമാണ് ക്യാഷായി സൂക്ഷിക്കുന്നത്. വായ്പ നല്‍കിക്കഴിഞ്ഞു വരുന്ന ബാക്കി പണം ജില്ലാസഹകരണബാങ്കിലാണ് മുഖ്യമായി നിക്ഷേപിക്കുക. മറ്റു വാണിജ്യബാങ്കുകളിലും നിക്ഷേപിക്കാറുണ്ട്.
ഇതു പിൻവലിക്കാൻ പ്രാഥമികസംഘങ്ങൾക്കു കഴിഞ്ഞാലേ അവിടെനിന്നു പണം പിൻവലിക്കാൻ ആഗ്രഹിക്കുന്ന ഇടപാടുകാർക്കു പണം നൽകാൻ കഴിയൂ. പക്ഷേ റിസർവ്വ് ബാങ്ക് പറയുന്നത് മറ്റു ബാങ്കുകളിൽനിന്ന് 24,000 രൂപ വീതമേ സഹകരണബാങ്കുകൾക്കു പിൻവലിക്കാൻ കഴിയൂ എന്നാണ്. അപ്പോൾപ്പിന്നെ ഇടപാടുകാർക്കു പണം നൽകാൻ എന്തു ചെയ്യും?
അവർക്കു പണം അത്യന്താപേക്ഷിതമാണെങ്കിൽ സഹകരണബാങ്കുകളിലെ പണം ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ആയോ ബാങ്കുകളിലേക്കു മാറ്റി അവിടെനിന്നു പിൻവലിക്കാമല്ലോ എന്നാണ് വാണിജ്യബാങ്കുകളുടെയും റിസർവ്വ് ബാങ്കിന്റെയും ചിന്ത. അതോടെ കേരളത്തിലെ പ്രാഥമികസഹകരണബാങ്കുകൾ എന്ന തലവേദന റിസർവ്വ് ബാങ്കിന് ഒഴിഞ്ഞുകിട്ടും.
ഇതിന്റെ പശ്ചാത്തലം, കേരളവികസനത്തിന്റെയും കാർഷികഗ്രാമീണവ്യവസ്ഥയുടെയും കൈത്താങ്ങായ സഹകരണമേഖലയെ തകർക്കുന്ന വൈദ്യനാഥൻ കമ്മീഷൻ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ കേരളം വിസമ്മതിച്ചതാണ്. യുഡിഎഫ്-എൽഡിഎഫ് സർക്കാരുകൾ ഇക്കാര്യത്തിൽ ഒരേ സമീപനമാണു കൈക്കൊണ്ടത്. അതുകൊണ്ട് പ്രാഥമികസഹകരണബാങ്കുകൾ ചില ഭേദഗതികളോടെ പഴയതുപോലെ തുടരുകയാണ്.
എന്നാൽ, തങ്ങളുടെ ലക്ഷ്യം പ്രാഥമികസഹകരണബാങ്കുകളെ തകർത്തുകൊണ്ടു നേടാൻ ഇന്നത്തെ പ്രതിസന്ധി ഒരു അവസരമാക്കുകയാണ് തല്പരകക്ഷികളെല്ലാം. ഇതിൽ അഞ്ചാംപത്തി പണിയാണ് കേരളത്തിലെ ബി.ജെ.പി സ്വീകരിക്കുന്നത്. ഇതിനെതിരെ കേരളീയർ വലിയ പ്രക്ഷോഭത്തിനു തയ്യാറെടുക്കേണ്ടിവരും.
Post Your Comments