കാലിഫോര്‍ണിയ: ലോകം ചുറ്റി സഞ്ചരിക്കുക എന്നത് പലരുടെയും സ്വപ്‌നമാണ്. ചിലര്‍ അതിനായി പരിശ്രമിക്കും. എന്നാല്‍, ചെറുപ്രായത്തില്‍ 181 രാജ്യങ്ങള്‍ ചുറ്റി കറങ്ങുക എന്നു പറയുന്നത് നിസാരമല്ല. ഈ പറയുന്ന വ്യക്തിക്ക് 27 വയസ്സു മാത്രമേ പ്രായമുള്ളൂ.
ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത് കസാന്‍ഡ്ര ഡി പെകോള്‍ എന്ന പെണ്‍കുട്ടിയാണ്. 27കാരിയുടെ പാസ്‌പോര്‍ട്ടുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗിന്നസ് റെക്കോര്‍ഡിനുള്ള കാത്തിരിപ്പിലാണ് ഇനി കസാന്‍ഡ്ര. ഏറ്റവും വേഗത്തില്‍ പരമാധികാര രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ച വ്യക്തിയെന്ന വിശേഷണമാണ് കസാന്‍ഡ്രയ്ക്ക് ലഭിക്കുക.
വെറുതെ ഒരു യാത്രമാത്രമല്ലായിരുന്നു ഈ യുവതിയുടെ ലക്ഷ്യം. ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചത് ലോക സമാധാനത്തിന് വേണ്ടിയുള്ള സന്ദേശം പകര്‍ന്നാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്രകള്‍. എക്‌സ്‌പെഡിഷന്‍ 196 (പര്യടനം 196) എന്ന പേരിലാണ് യാത്ര പലൗല്‍ നിന്ന് ആരംഭിച്ചത്. ഇതുവരെ 181 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.
ഇനി 15 രാജ്യങ്ങള്‍ ബാക്കിയുണ്ട്. യാത്ര ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. 40 ദിവസങ്ങള്‍ക്ക് ഉള്ളില്‍ 196 രാജ്യപര്യടനം പൂര്‍ത്തിയാകും. കസാന്‍ഡ്രയുടെ ട്രിപ്പിന് വേണ്ടി വരുന്നത് രണ്ട് ലക്ഷം ഡോളറാണ്. ഈ പണം സ്‌പോണ്‍സര്‍മാരാണ് ചിലവിടുന്നത്.
Post Your Comments