NewsInternational

മൊസൂളിൽ ഐ എസിനു അടിപതറുന്നു; വിജയം ലക്ഷ്യമാക്കി സഖ്യസേന

മൊസൂള്‍: മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനുള്ള ഇറാഖി സേനയുടെ ശ്രമം അന്തിമഘട്ടത്തിലേക്ക്. ഭീകരവിരുദ്ധസംഘം മൊസൂളിന്‍റെ കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലത്തില്‍ വരെ എത്തി. നൂറുകണക്കിനു സേനാംഗങ്ങള്‍ നഗരാതിര്‍ത്തിക്കു മുമ്പുള്ള അവസാന ഗ്രാമമായ ബസ്വായയില്‍ പ്രവേശിച്ചു. ടാങ്കറുകളടക്കം വന്‍ സന്നാഹങ്ങളുമായാണ് സൈന്യം മുന്നേറുന്നത്. കൂടാതെ യുഎസ് ഉള്‍പ്പെടുന്ന സംയുക്തസേനയുടെ വ്യോമാക്രമണവും തുടരുകയാണ്. പോരാട്ടം അവസാനഘട്ടത്തിലേക്കു കടന്ന സാഹചര്യത്തില്‍ ഐഎസ് ഭീകരരോടു കീഴടങ്ങാന്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി ആവശ്യപ്പെട്ടു. ഭീകരര്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഇറാഖ് സേന അടച്ചുവെന്നും അവരെ ഉറപ്പായും കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് പക്ഷത്തുള്ളത് കുര്‍ദ് പോരാളികള്‍ അടക്കം 30,000 സൈനികരാണ്. രണ്ടുവര്‍ഷം മുന്‍പ് ഐഎസ് കീഴടക്കിയ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇറാഖിലെ ഐഎസിന്റെ ആസ്ഥാനമാണ് തകരുക. ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന നഗരമാണു മൊസൂള്‍. ഇറാഖ്-യുഎസ് സഖ്യസേനയുടെ മുന്നേറ്റത്തില്‍ ഇതുവരെ 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൊസൂളില്‍ നിലവില്‍ 3500-5000 ഐഎസ് ഭീകരര്‍ ഉണ്ടെന്നാണു യുഎസ് സേനയുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button