India

ബ്രിക്‌സ് അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍

തിരുവനന്തപുരം ● ബ്രിക്‌സിന്റെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തതിനുശേഷം അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട രണ്ടാം അന്താരാഷ്ട്ര സമ്മേളനം നവംബര്‍ മൂന്ന്മുതല്‍ അഞ്ച് വരെ കൊച്ചി ടാജ് ഗേറ്റ്‌വേയില്‍ നടക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു.

ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയ്യാറാക്കല്‍ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനസമ്മേളനം നവംബര്‍ രണ്ടിന് നടക്കും. കൊച്ചി ടാജ് ഗേറ്റ്‌വേയില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം കേന്ദ്ര ഗ്രാമവികസന-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉദ്ഘാടനം ചെയ്യും.

ജനപങ്കാളിത്ത ആസൂത്രണം-ബജറ്റ് തയ്യാറാക്കല്‍ എന്നീ വിഷയങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങളിലെ അനുഭവങ്ങള്‍, ഘടന, പ്രക്രിയ, ഈ മേഖലയിലെ നേട്ടങ്ങള്‍, വെല്ലുവിളികള്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള അറിവ് പങ്കിടുന്നതിനുള്ള വേദിയായിരിക്കും സമ്മേളനം. പങ്കാളിത്ത പ്രാദേശിക ബജറ്റ് തയ്യാറാക്കുകയും അധികാര വികേന്ദ്രീകരണവും, സാമ്പത്തിക വികസനവും, മനുഷ്യവികസനവും, സാമൂഹ്യവികസനവും ഈ മേഖലകളിലെ നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളും എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള വിഷയാവതരണങ്ങളും ചര്‍ച്ചകളും നടക്കും. ബ്രിക്‌സ് അംഗരാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടിങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ സന്ദര്‍ശിക്കുന്നതും അവിടുത്തെ പങ്കാളിത്ത ആസൂത്രണം, ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയകളെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ഇവിടെനിന്നും ലഭിക്കുന്ന വിവരങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ പ്രധാന ഘട്ടങ്ങള്‍, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവ സംബന്ധിച്ച ഒരു പ്രദര്‍ശനം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനാണ് സമ്മേളനത്തിന്റെ സംഘാടന ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button