ന്യൂഡല്‍ഹി : ചാരവൃത്തിക്ക് പിടിയിലായ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ പാകിസ്ഥാനിലേക്ക് തിരിച്ചു മടങ്ങി. ബുധനാഴ്ച ഡല്‍ഹി പൊലീസിന്റെ പിടിയിലായ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തര്‍ ഇന്ത്യയില്‍ മൂന്ന് വര്‍ഷമായി പാക് ചാരസംഘടന ഐ.എസ്.എയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശനിയാഴ്ചക്കുള്ളില്‍ രാജ്യം വിട്ടു പോകണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വാഗ അതിര്‍ത്തിയിലൂടെ ഇയാള്‍ രാജ്യം വിട്ടു പോവുകയായിരുന്നു. ഇയാളെ ഇന്ത്യയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ സുര്‍ജിത് സിംഗിനെ പാകിസ്ഥാന് പുറത്താക്കിയിരുന്നു.
പാകിസ്ഥാന് സൈന്യത്തിന്റെ 40 ബലൂച് റെജിമെന്റിലെ ഹവീല്‍ദാറായ അക്തര്‍ ഡെപ്യൂട്ടേഷനിലാണ് ഐ.എസ്.ഐയിലെത്തുന്നത്. 2013 ജനുവരിയില്‍ ഇന്ത്യയിലെത്തി പലയിടത്തുമായി പാക് ചാര പ്രവര്‍ത്തനം നടത്തിയ ഇയാളെ പിന്നീട് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസില്‍ ഉദ്യോഗസ്ഥനായി നിയോഗിച്ചു. പാക് ചാരന്മാരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഇയാള്‍ രണ്ടര വര്‍ഷമായി ഹൈക്കമ്മീഷന് ഓഫീസില്‍ വിസ വിഭാഗത്തിലാണ് ജോലി ചെയ്തത്. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബി.എസ്.എഫ്)ന്റെ നിര്‍ണായക രഹസ്യവിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് കടത്തിയെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments