മാനന്തവാടി : വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം സംഘം ചേര്‍ന്ന കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പതിനഞ്ചിന് രാവിലെയാണ് അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് വാകേരി കോട്ടക്കല്‍ തോമസ് (ഷിമി 28) നെ മരിച്ച നിലയില്‍ കണ്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന ധാരണയില്‍ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുകയും മാനന്തവാടി-കുട്ട റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു.സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയിലുണ്ട്.
പ്രതികള്‍ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം വനത്തോട് ചേര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നു കരുതുന്നു.മാനന്തവാടി സിഐ ടി.എന്‍. സജീവിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന സ്ഥിരീകരണമുണ്ടായത്.ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
മൃതദേഹത്തില്‍ കണ്ട മുറിവുകളും സമീപത്തുനിന്നും കണ്ടെത്തിയ ഇരുമ്പു വടിയുമാണ് അന്വേഷണത്തിന് കരുത്തു പടര്‍ന്നത്. അതിനിടയില്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുളള ശ്രമവും ഉണ്ടായി. കാട്ടാനയുടെ ആക്രമണത്തിലാണോ തോമസ് മരിച്ചത് എന്ന കാര്യത്തില്‍ ശനിയാഴ്ച തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരില്‍ ചിലരും ഇൗ സംശയം പങ്കുവച്ചിരുന്നു. എന്നാല്‍ കൊലപാതകം നടത്തിയവര്‍ തന്നെ കാട്ടാനയുടെ അക്രമണത്തിലാണ് തോമസ് കൊല്ലപ്പെട്ടതെന്ന രീതിയില്‍ പ്രചാരണം നല്‍കിയതായി പൊലീസ് തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം ഫൊറന്‍സിക് വിഭാഗം വീണ്ടും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
പ്രദേശവാസിയും മരിച്ച ഷിബുവിന്റെ ബന്ധുവുമായ ഒരു ടാക്ലി ഡ്രൈവര്‍, മുന്‍പ് ടാക്സി ഡ്രൈവറായിരുന്ന കൊച്ചിയില്‍ ജോലി ചെയ്യുന്ന വ്യക്തി, അയല്‍ക്കാരനായ മറ്റൊരാള്‍ എന്നിങ്ങനെ മൂന്നു പേരാണ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു.കസ്റ്റഡിയിലുളളവര്‍ നല്കിയ പരസ്പരവിരുദ്ധമായ മൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് പൊലീസ് കൊലപാതകത്തിന്റെ വിശദ വിവരം വെളിയിൽ വിടും. വന്യമൃഗത്തിന്റെ അക്രമണത്തില്‍ കൊലചെയ്യപ്പെട്ടു എന്ന് കരുതുകയും സര്‍ക്കാര്‍ ആശ്രിതനിയമനവും നഷ്ടപരിഹാരവും പ്രഖ്യാപിക്കുകയും ചെയ്ത ശേഷം മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയുന്ന കേരളത്തിലെ ആദ്യ സംഭവമാണിത്.
Post Your Comments