പൂനെ● മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ ഒരു സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. 38 കാരനായ സച്ചിന്‍ ഷെല്‍ക്കെയാണ് കൊല്ലപ്പെട്ടത്. പൂനെയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ തലേഗാവ് ദഭാഡെയിലാണ് സംഭവം.
തലേഗാവ് മുനിസിപ്പൽ കൗൺസിൽ മുൻ മേയറായ ഷെല്‍ക്കെ സഞ്ചിരിക്കുകയായിരുന്ന കാര്‍ തടഞ്ഞ ശേഷം അക്രമികൾ സച്ചിനെ കാറിൽനിന്നു വിളിച്ചിറക്കി ഒരു റൗണ്ട് വെടിയുതിർത്തു. ഇതിനുശേഷം മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചു വെട്ടിയ ശേഷം സംഘം കടന്നുകളയുകയായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഉടന്‍തന്നെ ഷെല്‍ക്കെയെ തലേഗാവിലെ പവാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
2013 ലും ഷെൽക്കെയ്ക്കു നേർക്ക് ആക്രമണമുണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നു സംശയിക്കുന്നതായി തലേഗാവ് എസ്പി ജയ് ജാദവ് പറഞ്ഞു.
കുപ്രസിദ്ധ കുറ്റവാളിയായ ശ്യാം ഷിൻഡെയുടെ സംഘത്തിൽപ്പെട്ട 10 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്‌ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബി.ജെ.പി മാവല്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Post Your Comments