ഒരു വിനോദയാത്രയ്ക്ക് പോകുമ്പോള്‍ പാലക്കാട് വടവന്നൂർകാരി ശ്രദ്ധാപ്രസാദ് പോകാന്‍ ഒരുങ്ങിയിരിക്കുന്നതു പോലുള്ള യാത്രയ്ക്കാകണം പോകുന്നത്. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായാണ് ശ്രദ്ധയുടെ ഒരുക്കം മുഴുവന്‍. അതെ, ഭാഗ്യമുണ്ടെങ്കില്‍ (അത് ഭാഗ്യം തന്നെയാണ്) ശ്രദ്ധ പോകുന്നത് ചൊവ്വയിലേക്കായിരിക്കും.
ചൊവ്വയിലേക്കുള്ള യാത്രയ്ക്കു വേണ്ടി ലോകമെമ്പാടു നിന്നും അപേക്ഷിച്ചവർ രണ്ടു ലക്ഷം. തികച്ചും അസംഭവ്യം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തോന്നുന്ന കാര്യം. പക്ഷേ, ശ്രദ്ധയ്ക്ക് സംശയം ഏതുമുണ്ടായിരുന്നില്ല. പക്ഷേ, ഈ അതിസാഹസികമായ യാത്രയ്ക്ക് പോകാന്‍ ഭാഗ്യം മാത്രം പോര. ചൊവ്വയിലേക്കു കടക്കാൻ പരീക്ഷണത്തിന്റെ പടവുകൾ ഏറെ. അതിനാല്‍ത്തന്നെ ചൊവ്വാ ഭ്രമം തലയ്ക്ക് പിടിച്ച ശ്രദ്ധയ്ക്ക് പഠിച്ച് പഠിച്ച് ഇപ്പോൾ ഭൂമിയേക്കാൾ പരിചയവും പ്രിയവും ചൊവ്വയെയാണ്. ആ ചുവന്ന സുന്ദരിയെ നേരില്‍ കാണാനുള്ള മോഹവുമായി അക്ഷീണപരിശ്രമത്തിലാണ് ശ്രദ്ധ ഇപ്പോള്‍.
തിരഞ്ഞെടുക്കപ്പെട്ടാലും ചൊവ്വയെ കാണൽ അത്ര അനായാസമാകില്ല. ഭൂമിയിൽ നിന്ന് 7, 83, 40000 കിലോമീറ്റർ അകലെയാണ് ചൊവ്വ. രണ്ട് ലക്ഷം അപേക്ഷകരിൽ നിന്ന് അവസാന നൂറിൽ ഇടം പിടിച്ചതിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ഇപ്പോൾ ഈ പാലക്കാട്ടുകാരി. ശ്രദ്ധയെക്കൂടാതെ വേറെയും രണ്ട് ഇന്ത്യാക്കാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒരാൾ യുഎസിലും മറ്റൊരാൾ ദുബായിലും ആണ് താമസം എന്നു മാത്രം. 100 പേരുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ശ്രദ്ധയാണ്.
തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്നത് ശ്രദ്ധയ്ക്ക് അടുത്തവര്‍ഷം തന്നെ അറിയാന്‍ പറ്റും.
Post Your Comments