ന്യൂഡൽഹി:ഇന്ത്യ പാക് സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടാൻ സൈന്യത്തിന്റെ തീരുമാനം.എന്നാൽ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്.മിന്നലാക്രമണം നടന്നെന്ന റിപ്പോർട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുൾപ്പെടെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിഡിയോ പുറത്തുവിടുന്നതിൽ തങ്ങൾക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്.
ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാൻ ഇതുവരെയും അംഗീകരിച്ചിട്ടില്ല.നിരവധി വിമർശനങ്ങളും ഇതേ തുടർന്ന് ഉയർന്നു വന്നിരുന്നു.കൂടാതെ മിന്നലാക്രമണം വ്യാജമാണെന്നുൾപ്പെടെയുള്ള വാർത്തകൾ ഇന്ത്യയ്ക്കെതിരെ രാജ്യാന്തരതലത്തിൽ പാക്കിസ്ഥാൻ വ്യാപകമായി പ്രചാരണം നടത്തിവരികയാണ് . ഇത് അവസാനിക്കണമെങ്കിൽ ആക്രമണം നടത്തിയതിനു തെളിവ് സർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ അനുകൂലമായ മറുപടി വന്നിരിക്കുന്നത്.
ഉറിയിലെ സൈനിക കേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ സെപ്റ്റംബർ 18ന് ഭീകരർ നടത്തിയ ആക്രമണത്തിനുശേഷം ഇന്ത്യ നൽകിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം.സൈന്യത്തിന്റെ ഈ നടപടിക്ക് രാജ്യമെങ്ങും വലിയ പിന്തുണലഭിച്ചിരുന്നു.
Post Your Comments