ന്യൂഡല്‍ഹി● പാകിസ്ഥാന് ഇരട്ട പ്രഹരം. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തുന്ന അതേസമയം വടക്കന്‍ അതിര്‍ത്തിയില്‍ ഇറാന്‍ സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ബലൂചിസ്ഥാന്‍ മേഖലയിലാണ് ഇറാന്‍ അതിര്‍ത്തി രക്ഷാ സേന ആക്രമണം നടത്തിയതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ സൈന്യം മൂന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ ബലൂചിസ്ഥാന്‍ മേഖലയിലേക്ക് പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇറാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പഞ്ച്ഗൂര്‍ ജില്ലയിലാണ് മൂന്ന് മോര്‍ട്ടാര്‍ ഷെല്ലുകളും പതിച്ചതെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യാ സര്‍ക്കാര്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ രണ്ട് ഷെല്ലുകള്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ചെക്ക് പോസ്റ്റിനു സമീപമാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണത്തിനു പിന്നാലെ ഈ മേഖലയിൽ പാക്കിസ്‌ഥാൻ സുരക്ഷ കർശനമാക്കി. 900 കിലോമീറ്ററിലാണ് പാക്കിസ്‌ഥാൻ ഇറാനുമായി അതിർത്തി പങ്കിടുന്നത്. ഇറാന്‍ ഭാഗത്തെ ഭീകരാക്രമണത്തിന്റെ പേരില്‍ നേരത്തെ ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.
Post Your Comments