ഇസ്ലാമബാദ്: സംയുക്ത സൈനികാഭ്യാസത്തിനായി റഷ്യന്‍ കരസേന ട്രൂപ്പുകള്‍ പാകിസ്ഥാനിലെത്തി. 200 സൈനികരാണ് ഫ്രണ്ട്ഷിപ്പ് 2016 എന്ന് അറിയപ്പെടുന്ന രണ്ടാഴ്ച നീളുന്ന ഡ്രില്ലിന് വേണ്ടി പാകിസ്ഥാനിലെത്തിയത്. ഇതാദ്യമായാണ് റഷ്യന്‍ സൈന്യം സംയുക്ത സൈനികാഭ്യാസത്തിനായി പാകിസ്ഥാനിലെത്തുന്നത്. ഉറി ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്ന റഷ്യ പാകിസ്ഥാനുമായുള്ള സൈനികാഭ്യാസത്തില്‍ നിന്ന് പിന്തിരിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.പക്ഷെ റഷ്യയുടെ ഈ തീരുമാനം മൂലം അത്തരം അഭ്യൂഹങ്ങൾക്ക് കഴമ്പില്ലാതായിരിക്കുകയാണ്.
അമേരിക്ക പാകിസ്ഥാനോട് പഴയ അടുപ്പം കാണിക്കാതിരിക്കുകയും ഇന്ത്യയോട് കൂടുതല്‍ അടുക്കുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്ന് എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അനിശ്ചിതത്വത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനും പാകിസ്ഥാന് പദ്ധതിയുണ്ട്. കഴിഞ്ഞ 15 മാസത്തിനിടെ പാകിസ്ഥാന്റെ കര, വ്യോമ, നാവികസേനാ മേധാവികള്‍ ചര്‍ച്ചകള്‍ക്കായി റഷ്യയിലെത്തിയിരുന്നു.
നാല് എം.ഐ 35 ഹെലികോപ്റ്ററുകള്‍ക്കായുള്ള കരാര്‍ റഷ്യയുമായി പാകിസ്ഥാന് ഒപ്പുവച്ചിരുന്നു.ശീതയുദ്ധകാലത്ത് ഇന്ത്യയുടെ പക്ഷം പിടിക്കുന്ന നിലപാടാണ് റഷ്യയുടെ മുന്‍ഗാമിയായ സോവിയറ്റ് യൂണിയന് പുലര്‍ത്തിയിരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും ഇത് വലിയ മാറ്റമില്ലാതെ തുടര്‍ന്നു.പക്ഷെ അമേരിക്കയുമായി പാകിസ്ഥാന് മുൻപുണ്ടായിരുന്ന അടുപ്പം ഇല്ലാതായത് ഒരുപക്ഷെ പാകിസ്ഥാനോട് റഷ്യക്ക് അടുക്കാനുള്ള കാരണമാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Post Your Comments