KeralaNews

അമിത്‌ ഷാ കോഴിക്കോട്ട്‌ : വിമാനത്താവളത്തില്‍ വൻ സുരക്ഷാപാളിച്ച

കോഴിക്കോട്‌ :കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായെത്തിയ പാര്‍ട്ടിയധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കു സുരക്ഷയൊരുക്കിയതില്‍ വീഴ്ച്ച. അദ്ദേഹം ഇന്നലെ രാവിലെ 11.15 നാണ്‌ കരിപ്പൂരില്‍ വിമാനമിറങ്ങിയത്‌.

കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി, ദേശീയ സെക്രട്ടറി ശ്രീകാന്ത്‌ ശര്‍മ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഷായെ സ്വീകരിക്കാനായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സംസ്‌ഥാന നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇസഡ്‌ കാറ്റഗറി സുരക്ഷയുള്ള ഷായ്‌ക്കു വേണ്ടി കനത്ത സുരക്ഷയൊരുക്കിയിരുന്നെങ്കിലും തിരക്കിനിടയിൽ അത് താളംതെറ്റി.

പ്രവര്‍ത്തകരും മറ്റും വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള കവാടത്തില്‍ അമിത്‌ ഷായെ സ്വീകരിക്കാനായി ഇരുവശങ്ങളിലുമായാണു നിലയുറപ്പിച്ചിരുന്നത്‌. പ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ അദ്ദേഹം വരുന്ന വഴിയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നെങ്കിലും പിന്നീട്‌ വഴിയൊരുക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കായില്ല. പ്രമുഖനേതാക്കള്‍ക്കൊപ്പം അമിത്‌ ഷാ പുറത്തേക്കു വരുന്നതിനിടെ അഭിവാദ്യവുമായി ആളുകള്‍ കൂടി.

ഉദ്യോഗസ്‌ഥര്‍ക്കു അദ്ദേഹത്തിനു സുരക്ഷാവലയം തീര്‍ക്കാന്‍ പോലും കഴിഞ്ഞില്ല. അമിത്‌ ഷായെ കാണാന്‍ ഇടിച്ചുകയറിയവരെ നിയന്ത്രിക്കാനും സി.ആര്‍.പി.എഫ്‌, സി.ഐ.എസ്‌.എഫ്‌. ഉദ്യോഗസ്‌ഥര്‍ക്കായില്ല. സി.ഐ.എസ്‌.എഫ്‌. ഡെപ്യൂട്ടി കമാന്‍ഡന്റ്‌ ഡാനിയല്‍ ധനരാജ്‌, സി.ആര്‍.പി.എഫ്‌. അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ എസ്‌.കെ. റാം എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാ സംവിധാനമൊരുക്കിയത്‌.

മലപ്പുറം ഡിവൈ.എസ്‌.പി: പി.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ കണ്‍ട്രോള്‍ റൂമാണ്‌ അമിത്‌ ഷായെ കടവ്‌ റിസോര്‍ട്ടിലെത്തിച്ചത്‌. കേരള പോലീസിന്റെ സുരക്ഷാവലയത്തിലായിരുന്നു വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button