തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നല്‍കിയത് 29കോടിയുടെ 1.19ഏക്കറെന്ന വിവരം പുറത്തുവന്നതോടെ യുഡിഎഫ് സര്‍ക്കാരിന് വീണ്ടും ക്ഷീണമായി. സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കുമോ? ഇത്തവണ യുഡിഎഫിന് രക്ഷയുണ്ടാകില്ല. ഒത്തുകളിച്ച് ഉമ്മനും കൂട്ടരും 38 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടാക്കിയത്.
ഉമ്മന്‍ചാണ്ടിയും കെ എം മാണിയും, അടൂര്‍ പ്രകാശുമെല്ലാം ഈ ഒത്തുകളിയില്‍ പങ്കുചേര്‍ന്നുവെന്നാണ് വിവരം. ബാര്‍ കോഴയുടേയും സോളാര്‍ അഴിമതിയുടേയും ആരോപണങ്ങള്‍ സജീവമാകുമ്പോഴായിരുന്നു ഈ ഇടപാടും. യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭൂമിദാനമായിരിക്കും ഇത്. ഉമ്മന്‍ചാണ്ടി, കെ. എം. മാണി, അടൂര്‍ പ്രകാശ് തുടങ്ങിയവരെ പ്രതി ചേര്‍ത്തുള്ള കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പൂര്‍ത്തിയായിരുന്നു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതോടെ ഈ കേസിന് വീണ്ടും ജീവന് വയ്ക്കുകയാണ്.
യുഡിഎഫിന്റെ ഏറ്റവും വലിയ അഴിമതികളിലൊന്ന് കൂടി ചര്‍ച്ചയാവുകയാണ്. സഭയ്ക്കെതിരെ പ്രതികരിച്ച സിസ്റ്റര്‍ ജെസ്മി ഒരഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പറയുകയുമുണ്ടായി. സെന്റ്മേരീസ്, സെന്റ്തോമസ് കോളേജുകളുടെ പട്ടയത്തിന് രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്കി. ജെസ്മിയുടെ വെളിപ്പെടുത്തല്‍ അഭിമുഖവും തെളിവായി കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
സുപ്രീംകോടതി നിര്‍ദ്ദേശം മറികടന്ന് അടിയന്തരമായി പരിഗണിക്കേണ്ട പരാതികള്‍ പോലും പരിഗണിക്കാതെയാണ് അന്ന് കോളേജിന്റെ കേസ് പരിഗണിച്ച് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടെത്തി പട്ടയംനല്‍കിയത്. മുഖ്യമന്ത്രിയുടെ ജനമ്പര്‍ക്ക പരിപാടി, പട്ടയ വിതരണ മേള തുടങ്ങിയ കൊട്ടിഘോഷിച്ച പദ്ധതികളിലായി ജില്ലയിലെ മലയോര മേഖലയിലടക്കമായി 600ഓളം അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് 2014 സെപ്റ്റംബര്‍ 16ന് ഉമ്മന്‍ചാണ്ടി നേരിട്ടത്തെി ഈ പട്ടയ വിതരണം നടത്തിയതെന്നും ആരോപണമുണ്ടായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ വരുത്തേണ്ട ഇളവുകളും, വിട്ടുവീഴ്ചകളും വരുത്തി 9,54,80,101 കോടി രൂപയാണ് സര്‍ക്കാര്‍ തന്നെ പാട്ടക്കുടിശിക ഇനത്തില്‍ കണ്ടെത്തിയത്. ഈ തുക എഴുതി തള്ളുന്നത് സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അക്കൗണ്ടന്റ് ജനറല്‍ നോട്ടീസില്‍ കുറിച്ചിട്ടത്. കേസുകള്‍ നിലനില്‍ക്കുന്നതിനാലും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാലും പാട്ടക്കുടിശികയോടെ പട്ടയം നല്‍കാനാവില്ലെന്ന് ലാന്റ് റവന്യു കമ്മിഷണറും റിപ്പോര്‍ട്ട് ചെയ്തിട്ടും അത് വകവയ്ക്കാതെയാണ് പട്ടയ വിതരണം നടത്തിയത്.
പട്ടയകുടിശിക ഇനത്തില്‍ മാത്രം സര്‍ക്കാറിന് ഒമ്പത് കോടിയോളം രൂപ നഷ്ടം വന്നിരുന്നു. നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം ഇതിനുപിന്നിലുള്ള മറ്റ് കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നതോടെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പലതിനും ഉത്തരം പറയേണ്ടതായി വരും എന്നുറപ്പ്.
Post Your Comments