NewsIndia

എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേക്ഷണം

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന് പിന്നാലെ എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ചും അന്വേഷണം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെപ്പറ്റി ബ്രസീലും അമേരിക്കയുമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.ബ്രസീലില്‍ നിന്ന് ഇന്ത്യ വാങ്ങിയ മൂന്ന് ഇ.എം.ബി 145 എന്ന വിമാനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉയർന്നു വന്നിരിക്കുന്നത്.208 മില്യണ്‍ ഡോളര്‍ മുടക്കി ബ്രസിലിയന്‍ കമ്പനിയായ എംബ്രയേറില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങിയത്.ബ്രസീലിയന്‍ പത്രമായ ‘ഫൊള്ള ഡി സാവോ പോളോ’യാണ് ഇടപാടില്‍ അഴിമതി നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2008 ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് ഇടപാട് നടന്നത്. 2011 കരാര്‍ പ്രകാരമുള്ള ആദ്യ വിമാനം കൈമാറി. മറ്റുള്ള രണ്ടെണ്ണം പിന്നീട് ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യ 208 മില്ല്യണ്‍ ഡോളറിന് വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമെനിക്കന്‍ റിപ്പബ്ലിക്ക് വാങ്ങിയത് 94 മില്യണ്‍ ഡോളറിനാണ്. ഇതില്‍ ഡൊമെനിക്കന്‍ റിപ്പബ്ലിക്ക് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അന്വേക്ഷണം ആരംഭിച്ചിട്ടുള്ളത്.കൂടുതല്‍ തുകയ്ക്ക് ഇന്ത്യയുമായി കരാര്‍ നേടാന്‍ അനധികൃത ഇടനിലക്കാരന്‍ കമ്പനിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇടപാടുകാരന്‍ ഇതിനായി 3.5 മില്യണ്‍ ഡോളര്‍ കമ്മീഷനും വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി യൂറോപ്പില്‍ ഒരു സെയില്‍ അസിസ്റ്റന്റിനെ ഇന്ത്യയുമായുള്ള ഇടപാടിനായി നിയോഗിച്ചിരുന്നു എന്ന് എംബ്രയേര്‍ മുന്‍ സെയില്‍സ് മേനേജര്‍ അമേരിക്കന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. എംബ്രയേറിന്റെ ഇടപാടുകള്‍ 2010 മുതല്‍ അമേരിക്കന്‍ നിരീക്ഷണത്തിലായിരുന്നു.വ്യോമാക്രമണ സാധ്യതകള്‍ മുന്‍കൂട്ടി അറിയാനുള്ള ഡി.ആര്‍.ഡി.ഒ.യുടെ സംവിധാനത്തിന്റെ (എയര്‍ ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം) ഭാഗമായാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button