ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഷുറന്‍സ് പദ്ധതി ജനപ്രിയമാകുന്നു. ട്രെയിന്‍ യാത്രക്കാര്‍ക്ക് കേവലം 92 പൈസയ്ക്ക് പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്ന പദ്ധതിയാണ് ശ്രദ്ധേയമാകുന്നത്. വ്യാഴാഴ്ചയാണ് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു പദ്ധതി അവതരിപ്പിച്ചത്. പദ്ധതി നിലവില്‍ വന്ന് ആദ്യ 25 മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഇന്റര്‍നെറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത 40% പേരും ഇന്‍ഷുറന്‍സ് പദ്ധതിയും തെരഞ്ഞെടുത്തു. ഇത് ആദ്യമായിട്ടാണ് യാത്രക്കാരെ ലക്ഷ്യമാക്കിയുളള റെയില്‍വേയുടെ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ ഇത്ര സ്വീകാര്യത ലഭിക്കുന്നത്.
ഐആര്‍സിടിസിയും ഐസിഐസിഐയും സുന്ദരം, ശ്രീരാം ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. റെയില്‍ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു നല്കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്. യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിക്കുകയോ പൂര്‍ണമായി കിടപ്പിലാകുകയോ ചെയ്താല്‍ പരമാവധി പത്ത് ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക് ലഭിക്കും. ശരീര ശേഷിയെ ഭാഗികമായി ബാധിച്ചാല്‍ ഏഴരലക്ഷവും അപകടങ്ങളില്‍ പരിക്കുപറ്റി ആശുപത്രിയിലായാല്‍ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. സബര്‍ബന്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാകില്ല. അഞ്ച് വയസ്സുവരെയുള്ള കുട്ടികളും വിദേശികളും പദ്ധതിയുടെ പരിധിയില്‍ വരില്ല. ഓരോ സെക്കന്‍ഡിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഒരാള്‍ വീതം പദ്ധതിയില്‍ അംഗമാകുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments