KeralaNews

ആചാരപ്രകാരമല്ലാത്ത വിവാഹങ്ങള്‍ക്കു സാധുതയില്ല; ഹൈക്കോടതി

കൊച്ചി: എസ്‌എന്‍ഡിപി ഈഴവരാല്ലത്തവരുടെ വിവാഹം നടത്തുന്നതിന് കോടതിയുടെ വിലക്ക്. വ്യത്യസ്ത മതങ്ങളില്‍പെട്ടവരുടെ വിവാഹം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങള്‍ അനുവദനീയമായ സ്ഥലങ്ങളില്‍ ആയിരിക്കണമെന്നും അതിന് മതാധികാരിയുടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാമെന്നും കോടതി പറയുന്നുണ്ട്.

സമുദായ സംഘടനകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ചു സര്‍ക്കാര്‍ തദ്ദേശ സ്ഥാപനാധികാരികള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മതപരമോ ആചാരപരമോ ആയ വിവാഹം നടത്തിയെന്ന അവകാശവാദം നിയമദൃഷ്ടിയില്‍ നിലനില്‍ക്കുന്നതാണോ എന്നു തദ്ദേശ സ്ഥാപന അധികാരികള്‍ ഇത്തരം പരിഗണനകള്‍ നടത്തി വിലയിരുത്തണം.

എസ്‌എന്‍ഡിപിയുടേയും സമാനമായ മത സംഘടനകളുടെയും നേതൃത്വത്തില്‍ മുൻപ് നടന്ന നിരവധി അന്യമതസ്ഥരുള്‍പ്പെട്ട വിവാഹങ്ങള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കും സാധുതയില്ലാതാകുന്ന സ്ഥിതിയാണ് ഇത്തരത്തില്‍ ഒരു കോടതി നിര്‍ദ്ദേശം വന്നതോടെ ഉണ്ടായിരിക്കുന്നത്. മതപരമോ ആചാരപരമോ ആയി അത്തരം വിവാഹങ്ങള്‍ കണക്കാക്കില്ല. അതിനാല്‍ ഇനി വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമാണ് അത്തരത്തില്‍ വിവാഹം നടത്തിയവര്‍ക്ക് ഉണ്ടായിരിക്കുന്നത്.

വിവാഹം മതപരമോ ആചാരപരമോ ആയി നടന്നിട്ടില്ലെങ്കില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. സ്പെഷല്‍ മാര്യേജ് നിയമമാണു വ്യത്യസ്ത മതങ്ങളില്‍പെട്ടവരുടെ വിവാഹ രജിസ്ട്രേഷനു ബാധകം. ആചാരപരമായ വിവാഹം നിയമപരമാകണമെങ്കില്‍ ഇരുകൂട്ടരും ഒരു മതത്തില്‍പെട്ടവരും മതചടങ്ങുകളില്‍ വിവാഹിതരാകാന്‍ അര്‍ഹതയുള്ളവരുമാകണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈഴവ സമുദായത്തില്‍പ്പെട്ടവരും മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പെട്ടവരും തമ്മില്‍ ഇത്തരത്തില്‍ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ഇവയ്ക്കെല്ലാം പുതിയ വിധി ബാധകമാകും.

വിവാഹം മതാചാരപ്രകാരം അനുവദനീയ സ്ഥലങ്ങളില്‍ നടക്കണം. മതാധികാരിയുടെ സര്‍ട്ടിഫിക്കറ്റ് ആചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് സ്വീകരിക്കാം. എന്നാല്‍, വ്യത്യസ്ത മതങ്ങളില്‍പെട്ടവരുടെ വിവാഹം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് എസ്‌എന്‍ഡിപി യോഗം, ശിവഗിരിമഠം, സമാന സംഘടനകള്‍ എന്നിവയെ നിയന്ത്രിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പേരക്കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് ഇത്തരത്തില്‍ കോടതിയുടെ നിരീക്ഷണം ഉണ്ടായത്. ഹിന്ദുമതത്തില്‍പെട്ട യുവാവുമായി വിവാഹം നടത്തിയെന്നു തെളിയിക്കാന്‍ ക്രിസ്ത്യാനിയായ യുവതി എസ്‌എന്‍ഡിപി യോഗം നെടുമങ്ങാട് യൂണിയന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണു ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button