IndiaNews

വളര്‍ച്ചയില്‍ പ്രതീക്ഷ : പണപ്പെരുപ്പത്തില്‍ ആശങ്ക : രഘുറാം രാജന്‍

മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. 7.6 ശതമാനം വളര്‍ച്ചയാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍ കാണുന്നത്. അതേസമയം പണപ്പരുപ്പം ഉയര്‍ന്നുതന്നെയാണെന്നും ഈ ആശങ്ക അതിജീവിക്കേണ്ടതുണ്ടെന്നുമുള്ള തന്റെ നിലപാട് വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വീണ്ടും ആവര്‍ത്തിച്ചു.

വളര്‍ച്ചാശേഷിയേക്കാള്‍ കുറഞ്ഞ പ്രകനമാണ് ഇന്ത്യന്‍ സമ്പദ്ഘടനയിലെന്ന് തന്റെ അവസാന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് രഘുറാം രാജന്‍ വ്യക്തമാക്കുന്നു. നിക്ഷേപം കുറയുന്നത് തന്നെയാണ് വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടാകാത്തതിന് കാരണം. സ്വകാര്യ മേഖ ഇപ്പോഴും വേണ്ടവിധത്തില്‍ ഉപയോാഗിക്കപ്പെടുന്നില്ല.

പണപ്പെരുപ്പം സാധാരണ നിലയിലാകാതെ പലിശ കുറയ്ക്കാനാകില്ലെന്ന തന്റെ നിലപാടില്‍ ഒരു വ്യതിയാനവും രാജന്‍ വരുത്തിയില്ല. നിലവിലെ സാഹചര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പലിശനിരക്കുകള്‍ കുറച്ചുനല്‍കണമെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിശ്ചയിച്ച പണപ്പെരുപ്പ പരിധി നാല് ശതമാനം മാത്രമാണ്. പലിശ നിരക്കിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നത് വലിയ പ്രതിസന്ധിയാണ്. വന്‍കിടക്കാരില്‍ നിന്നും നിക്ഷേപം കുറഞ്ഞിട്ടുണ്ട്. ഇതോടെ ബാങ്കുകള്‍ക്ക് ലാഭകരമായി വായ്പ നല്‍കാന്‍ കഴിയുന്നില്ല.

പണവായ്പാ നയത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് ഇനി പുതിയ സമിതിയായിരിക്കും തീരുമാനമെടുക്കുക. സെപ്റ്റംബര്‍ നാലിനാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രഘുറാം രാജന്‍ പടിയിറങ്ങുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button