ന്യൂഡല്‍ഹി : തുര്‍ക്കിയിലെ എര്ദോഗന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ‘ഫത്ഹുല്ല ഗുലെന് ടെറര്‍ ഓര്ഗനൈസേഷന്’ (എഫ്ഇടിഒ) ഇന്ത്യയിലേക്കും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെല്‍വറ്റ് കാവുസോഗ്ലു.
അതീവ രഹസ്യമായി മറ്റുരാജ്യങ്ങളിലേക്കും പടരുന്ന ക്രിമിനല്‍ സംഘമാണ് എഫ്ഇടിഒ. ലോകമെമ്പാടും ഇവരുടെ സാന്നിധ്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ വിവിധ സംഘടനകള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യയിലേക്കും നുഴഞ്ഞു കയറിയിട്ടുണ്ട്. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മെല്‍വറ്റ് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യു.എസില്‍ പ്രവാസ ജീവിതം നയിക്കുന്ന തുര്‍ക്കി മതപണ്ഡിതന് ഫെത്തുല്ല ഗുലെന് ആണ് സംഘടനയുടെ തലവന്‍. തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എല്ലാ രാജ്യങ്ങളിലും എഫ്ഇടിഒയുടെ സാന്നിധ്യമുണ്ട്. എത്രയും വേഗം ഇവരെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി അറിയിച്ചു. ഭീകരവാദമെന്നത് ഇന്ത്യയ്ക്കും തുര്‍ക്കിക്കും വലിയ ഭീഷണിയാണ്. അതിനാല്‍ ഇത്തരം വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയാണ്. പരസ്പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയും ഭീകരവാദത്തിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments