രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൂന്നുപേരുടെ ദയാഹര്‍ജി തള്ളി. കൊലക്കുറ്റത്തിന് സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ച ശബ്നം, ജസ്വീര് സിംഗ്, വിക്രം സിംഗ് എന്നിവരുടെ ദയാഹര്‍ജിയാണ് തള്ളിയത്. ആഗസ്റ്റ് 7-ന് രാഷ്ട്രപതി നിരസിച്ച ദയാ ഹര്‍ജിയുടെ വിവരങ്ങള്‍ ഇന്നലെയാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
മാര്‍ച്ച് 31-ന് ശബ്നത്തിന്റേയും ജൂണ്‍ 23 മറ്റ് രണ്ടുപേരുടേയും ഹര്‍ജി ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.
ശബ്നവും ഭര്‍ത്താവ് സലിമും ചേര്‍ന്ന് ശബ്നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയിരുന്നു. 2008 ഏപ്രില്‍ 14-15 ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. 2015 മെയ് 15-ന് സുപ്രീംകോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ശബ്നത്തെ മൊറാദാബാദിലെ ജയിലിലും ഭര്‍ത്താവ് സലീമിനെ ആഗ്രയിലെ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍വാസകാലത്ത് ശബ്നത്തിന് പിറന്ന കുട്ടിയെ വളര്‍ത്താന്‍ കൊടുത്തിരുന്നു.
ജസ്വീര് സിംഗിനേയും വിക്രം സിംഗിനേയും പാട്യാല ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2005-ല്‍ പതിനാറുകാരനായ സ്കൂള്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ ജസ്വീര് സിംഗിന്റെ ഭാര്യ സോണിയെ ജീവപരന്ത്യം തടവിന് വിധിച്ചിരുന്നു.
ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ഐപിസി 364എയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഇവരുടെ അപ്പീല്‍ തള്ളിയിരുന്നു. ഈ വകുപ്പ് പ്രകാരം തട്ടി കൊണ്ട് പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments