ന്യൂഡല്‍ഹി ● ഫേസ്ബുക്ക് ചാറ്റില്‍ അശ്ലീല സന്ദേശം അയച്ച യുവാവിന് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി. പാര്‍ത്ഥ മണ്ഡല് എന്നയാളാണ് ശര്‍മിഷ്ഠയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. ശര്‍മ്മിഷ്ഠയുടെ ബ്രായുടെ അളവ് വരെ ഇയാള്‍ മെസേജില്‍ ചോദിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും പോലെ ആ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത് ശല്യം ഒഴിവാക്കുന്നതിന് പകരം നാലാളറിയെ ഫേസ്ബുക്ക് വഴി തന്നെ പണി കൊടുക്കാനായിരുന്നു ശര്‍മിഷ്ഠയുടെ തീരുമാനം.
ഇതേക്കുറിച്ച് ശര്‍മിഷ്ഠ പറയുന്നതിങ്ങനെ. പാര്‍ത്ഥ മണ്ഡല് എന്നയാള്‍ എനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ആദ്യം അവഗണിക്കാനും ബ്ലോക്ക് ചെയ്യാനുമായിരുന്നു തീരുമാനം. പിന്നീട് ഞാന്‍ ചിന്തിച്ചു, നിശബ്ദത ഇത്തരക്കാര്‍ക്ക് പുതിയ ഇരകളെ കണ്ടെത്താന്‍ പ്രചോദനമാകും. അതുകൊണ്ട് ബ്ലോക്ക് ചെയ്യുന്നതോ റിപ്പോര്‍ട്ട് ചെയ്യുന്നതോ കൊണ്ട് കാര്യമില്ല. ഇത്തരക്കാരെ പൊതുജനത്തിന് മുന്നില്‍ തുറന്നുകാട്ടണമെന്ന് എനിക്ക് തോന്നി- ശര്‍മിഷ്ഠ പറഞ്ഞു.
പാര്‍ത്ഥ മണ്ഡല് അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശര്‍മിഷ്ഠ അയാളെ ടാഗ് ചെയ്യുകയും ചെയ്തു.
താന്‍ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍, ഈ കേസില്‍ രാഷ്ട്രപതിയുടെ മകളെന്ന നിലയില്‍ നടപടിയെടുത്തേനെ. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയിലാണ് പോലീസ് നടപടിയെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലിന് നിശ്ചയമായും പരാതി നല്‍കുമെന്നും അടുത്ത നടപടിയെന്താണെന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
Post Your Comments