തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അശാസ്ത്രീയ സിലബസ് പരിഷ്‌കാരങ്ങള്‍ക്കും നടത്തിപ്പിനുമെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മണക്കാട് കുര്യാത്തിയിലുള്ള വിജയകുമാര്‍-സിന്ധു ദമ്പതികളുടെ മകന്‍ ആകാശ് ആണ് ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമമാണ് ആത്മഹത്യയുടെ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നരുവാമൂട്ടിലെ ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ആകാശ്.റിസല്‍ട്ട് വന്ന് പരാജയപ്പെട്ടുവെന്ന് അറിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദവും കെടിയുവിന്റെ ഈയര്‍ബാക്ക് പരിഷ്‌കാരവുമാണ് ആകാശിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് ആരോപണം.
മറ്റ് പ്രധാന സര്‍വ്വകലാശാലകളെ അപേക്ഷിച്ച് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി അഥവാ എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ രീതികളും സിലബസുമെല്ലാം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നയിക്കുന്നതിനിടയിലാണ് ആകാശിന്റെ ആത്മഹത്യ. കെ ടി യുവിന്റെ പുതിയ പരിഷ്‌കാരം അനുസരിച്ച് മൂന്ന് പേപ്പറുകളില്‍ കൂടുതല്‍ പരാജയപ്പെട്ടാല്‍ അടുത്ത വര്‍ഷത്തേക്ക് സ്ഥാനം കയറ്റം കിട്ടില്ല. യൂണിവേഴ്‌സിറ്റി പറയുന്ന മാര്‍ക്ക് ക്രെഡിറ്റ് കിട്ടിയില്ലെങ്കില്‍ ഒന്നാം വര്‍ഷക്കാരോടൊപ്പമിരുന്ന് വീണ്ടും പരീക്ഷയെഴുതണമെന്നതാണ് ഈയര്‍ ബാക്ക് സിസ്റ്റം.
ഇതിനെതിരെ കെടിയുവിന്റെ കീഴിലുള്ള വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ടെക്‌സോസ് എന്ന ഒരു സമരസംഘടന ഉണ്ടാക്കി പ്രതിഷേധിക്കുന്നതിനിടയിലാണ് ഇതേ ഇയര്‍ബാക്ക് പരിഷ്‌കാരത്തിന് ഇരയായി സമരത്തിനൊപ്പമുണ്ടായിരുന്ന ആകാശ് ആത്മഹത്യ ചെയ്യുന്നത്. യൂണിവേഴ്സിറ്റിയുടെ പുതിയ രീതി അനുസരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനാവില്ലെന്ന വിഷമമാണ് ബുധനാഴ്ച വൈകിട്ട് ആകാശ് വീട് വിട്ടിറങ്ങാനും ആത്മഹത്യയിലേക്ക് കലാശിച്ചതെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
ഒന്നര മാസത്തോളമായി കേരളത്തിലെ മിക്കവാറും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കെടിയു ക്യാമ്പസിന് മുന്നില്‍ സമരം നടത്തുന്നു.ഈയര്‍ ബാക്ക് പരിഷ്‌കാരം പിന്‍വലിക്കണം,ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പരിഷ്‌കരിക്കണം,സിലബസിലെ അശാസ്ത്രീയത ഒഴിവാക്കണം,വിദ്യാര്‍ത്ഥികളെ മനുഷ്യരായി പരിഗണിക്കണം,സ്റ്റുഡന്റ്‌സ് ബോഡി അനുവദിക്കണം,പുനര്‍ മൂല്യ നിര്‍ണ്ണയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്.
Post Your Comments