കൊല്‍ക്കത്ത : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഏഴു മാസങ്ങള്‍ക്കു മുന്‍പുതന്നെ സൂത്രധാരന്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹാര് റിസ്വി പറഞ്ഞു.
അതേസമയം, ബംഗ്ലദേശിലെ ജമാത്ത് ഉല് മുജാഹിദ്ദീന്‍ (ജെ.എം.ബി) പ്രവര്ത്തകന് സുലൈമാനുവേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ശക്തമാക്കി. കഴിഞ്ഞ ദിവസം പിടിയിലായ ഐ.എസ് ഭീകരന് അബു അല്‍മൂസ ബംഗാളി എന്ന മൂസയുമായി സുലൈമാന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടു വര്‍ഷമായി മൂസയ്ക്കുവേണ്ടി ഐ.എസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നതായാണ് വിവരം.
കാണാതായ യുവാക്കളെ കണ്ടെത്താന്‍ ഇന്ത്യയുടെ സഹായം തേടാന്‍ ബംഗ്ലദേശ് തീരുമാനിച്ചിട്ടുണ്ട്. സ്പാനിഷ് കഫേയില്‍ ഈമാസമുണ്ടായ ആക്രമണത്തിന്റെ പദ്ധതി തയാറാക്കിയ യുവാക്കള്‍ ധാക്കയിലെ സമ്പന്നമായ കുടുംബങ്ങളില്നിന്നുള്ളവാരാണ്. ആക്രണത്തിന് ആറുമാസം മുന്‍പ് ഇവരെ കാണാതായിട്ടുണ്ട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നൂറോളം യുവാക്കളെ കാണാതായതായി കണ്ടെത്തി.
സ്പാനിഷ് കഫേയിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ പശ്ചിമ ബംഗാളിലാണ് ഒളിച്ചിരിക്കുന്നതെന്ന് ധാക്ക ട്രൈബ്യൂണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments