ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കിയേക്കാവുന്ന ഒരു ഉദ്യമത്തിലാണ് ബിജെപി ഇപ്പോള്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റായ്ബറേലിയിലെ സ്ഥിരം എംപിയായ സോണിയാഗാന്ധി വാഗ്ദാനം ചെയ്ത ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIITMS)-ന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിരിക്കുകയാണ്. കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നദ്ദയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഈ പദ്ധതിക്കുണ്ടായിരുന്ന തടസ്സങ്ങള്‍ എല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
2007-ലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. പക്ഷേ, പ്രഖ്യാപിച്ചതല്ലാതെ നാളിതു വരെ ഇതിന്റെ നടത്തിപ്പിനായി യാതൊന്നും ചെയ്തിരുന്നില്ല, ഇപ്പോള്‍ ജെ.പി.നദ്ദ ഇടപെട്ട് ഈ പദ്ധതിക്കായി 820-കോടി രൂപ അനുവദിച്ചിരിക്കുകയാണ്. 2014-വരെയുള്ള യുപിഎ ഭരണകാലത്ത് ചെയ്യാതിരുന്ന ഈ നടപടി എത്രയും പെട്ടെന്ന് ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോണിയാഗാന്ധി നദ്ദയ്ക്ക് കത്ത് എഴുതിയിരുന്നു.
2012-ല്‍ തന്നെ പദ്ധതിക്കായുള്ള സ്ഥലം സമാജ്വാദി പാര്‍ട്ടി ഗവണ്മെന്റ് അനുവദിച്ചിരുന്നതാണ്. 148.15 ഏക്കര്‍ സ്ഥലത്താകും റായ്ബറേലി എയിംസ് നിര്‍മ്മിക്കുക. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സേവാ യോജനയുടെ രണ്ടാംഘട്ടത്തില്‍ പെടുത്തിയാണ് ഇപ്പോള്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ട എയിംസ് സെന്ററുകള്‍ ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പട്ന, റായ്പ്പൂര്‍, ഹൃഷികേശ് എന്നിവടങ്ങളിലാണ്.
Post Your Comments